SignIn
Kerala Kaumudi Online
Monday, 08 June 2026 2.44 PM IST

മുതുമുത്തച്ഛൻ, പക്ഷേ ജൻ ആൽഫയ്ക്കും പ്രിയപ്പെട്ടവൻ; ഇതാണ് 'ബാപ്പുജി' മാജിക്

bapuji-cake

ട്രെൻഡുകൾ മാറി,​ പുത്തൻ ഭക്ഷണവിഭവങ്ങൾ ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ചു. പ്രത്യേകിച്ച് മധുരപലഹാരങ്ങൾ. അപ്പോഴും വലിയ പരസ്യങ്ങളോ ആഡംബര പാക്കേജിംഗുകളോ ഇല്ലാതെ വ‌ർഷങ്ങളായി വിപണി ഭരിക്കുന്ന ഒരു മധുരപലഹാരമുണ്ട് അങ്ങ് പശ്ചിമ ബംഗാളിൽ. പേരിൽ തന്നെ പഴക്കം തോന്നിക്കുന്ന കൊൽക്കത്തക്കാരുടെ സ്വന്തം ബാപ്പുജി കേക്ക്. അമ്പതുവർഷമായി വിപണിയിൽ സുലഭമായ ഈ മുതു മുത്തച്ഛൻ കേക്കിന് പ്രായമായവർ മാത്രമല്ല ജെൻസികളും ആരാധകരാണ്.

1973ൽ ഹൗറയിലെ ഒരു സാധാരണ ബേക്കറി ഉടമയായിരുന്ന അലോകേഷ് ജനയാണ് ആദ്യമായി ബാപ്പുജി കേക്ക് ഉണ്ടാക്കിയതും വില്പന നടത്തിയതും. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായാണ് കേക്കിന് 'ബാപ്പുജി' എന്ന പേര് നൽകിയത്. സാധാരണ കുടുംബങ്ങൾക്ക് വാങ്ങാൻ കഴിയുന്ന വിലക്കുറവിലുള്ള കേക്ക് ലഭ്യമാക്കുക എന്ന അലോകേഷിന്റെ ആഗ്രഹമാണ് ബാപ്പുജി കേക്കിന് പിന്നിലെ കഥ. അന്ന് വെറും 60 പൈസയായിരുന്ന ബാപ്പുജി കേക്കിന് ഇന്ന് 7 രൂപയാണ് വില. എന്നാൽ ബംഗാളിലെ ജനങ്ങളെ സംബന്ധിച്ച് ഇതിന്റെ മൂല്യം പണത്തിനും അപ്പുറമാണെന്നതാണ് സത്യം.

ഒരു കപ്പ് ചൂടുചായയും ഒരു കഷ്ണം ബാപ്പുജി കേക്കും ബംഗാളിലെ ജനങ്ങൾക്ക് ഇന്നും നിർബന്ധമാണ്. ഇൻസ്റ്റാഗ്രാം ഡെസേർട്ടുകളും കേക്കുകളും കൊൽക്കത്തൻ വിപണി കീഴടക്കുന്നതിനും എത്രയോ മുൻപ് തന്നെ ബാപ്പുജി കേക്ക് ബംഗാളിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. വാനിലയുടെ സുഗന്ധവും ഡ്രൈ ഫ്രൂട്ട്സും ചേർന്ന മൃദുലമായ ഈ കേക്ക് സാധാരണ പലചരക്ക് കടകൾ മുതൽ സൂപ്പ‌‌ർമാർക്കറ്റുകളിൽ പോലും സുലഭമാണ്. ചായക്കടകളിലും സ്കൂൾ ഇടവേളകളിലും ട്രെയിൻ യാത്രകളിലും ബംഗാളിനെ ജനങ്ങളെ സംബന്ധിച്ച് ബാപ്പുജി കേക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറികഴി‍ഞ്ഞു.

2019ൽ കൊവിഡ് മഹാമാരിയുടെ സമയത്ത് ഉത്പാദനം നിർത്തിവച്ചതോടെ വിപണിയിൽ നിന്ന് താൽക്കാലികമായി ബാപ്പുജി കേക്ക് അപ്രത്യക്ഷമായിരുന്നു. ഇത് ഇവിടെത്തെ ജനങ്ങൾക്ക് വലിയ നിരാശയുണ്ടാക്കിയിരുന്നു. എന്തിന് സോഷ്യൽ മീഡിയയിൽ ബാപ്പുജി കേക്കിനായി മുറവിളികൾ ഉയരുകയും മുഖ്യധാരാ മാദ്ധ്യമങ്ങൾ അതിനെ വാർത്തയാക്കുകയും ചെയ്തിരുന്നു.

ഒരു കേക്ക് എന്നതിലുപരി ബാപ്പുജി തങ്ങളുടെ വികാരമാണെന്ന് ബംഗാളിലുള്ളവർ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഇന്ന് അലോകേഷ് ജനയുടെ മക്കളായ അമിതാഭും അനിമേഷും ചേർന്നാണ് ബാപ്പുജി കേക്കിന്റെ നി‌ർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നത്. മാറുന്ന കാലഘട്ടത്തിലും മനുഷ്യത്വം, വിശ്വസ്തത, ധാർമ്മികത എന്നീ മൂന്ന് മൂല്യങ്ങളാണ് ഈ ജനപ്രിയ ബ്രാൻഡിനെ നയിക്കുന്നതെന്ന് ബേക്കറി ഉടമകളായ അമിതാഭും അനിമേഷും പറയുന്നു.പ്രതിദിനം 50000ത്തിലധികം കേക്കുകളാണ് വിറ്റുപോകുന്നത്.

പഴയ തലമുറ മാത്രമല്ല പുതിയ ജനറേഷനിലെ യുവാക്കളും ഇന്നും ബാപ്പുജി കേക്കിന്റെ കടുത്ത ആരാധകരാണ്. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഇതിന്റെ ജനപ്രീതിക്ക് കോട്ടം തട്ടിയിട്ടില്ലെന്നതാണ് സത്യം. വിലകൂടിയ ഡെസേർട്ടുകളുടെ ലോകത്ത് ലളിതവും പരമ്പരാഗത രുചിയും കൊണ്ട് ഇന്നും ജനഹൃദയങ്ങൾ കീഴടക്കി മുന്നോട്ടുപോകുകയാണ് ബംഗാളിന്റെ സ്വന്തം ബാപ്പുജി കേക്ക്.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BAPUJI CAKE, BENGAL, GENZ, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360