
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല വ്യാപിക്കുന്നതിനെ തുടർന്ന് പെരുവയൽ പഞ്ചായത്തിൽ ആശങ്ക. ശനിയാഴ്ച അഞ്ച് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതിനിടെ പക്ഷിപ്പനി പടരാതിരിക്കാനുള്ള നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുണ്ട്. ഷിഗല്ല വ്യാപിക്കുന്ന സാഹചര്യത്തിൽ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിൽ കോഴികളെ കൊന്നൊടുക്കൽ (കള്ളിംഗ്) ഇന്നലെയും തുടർന്നു.
ചൂടുള്ള കാലാവസ്ഥയിൽ കൈയുറയടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ധരിച്ചുള്ള കള്ളിംഗ് ജോലികൾ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ്മ സേനയ്ക്ക് ബുദ്ധിമുട്ടാകുന്നതുകൊണ്ടുതന്നെ കള്ളിംഗ് ഉടൻ തീർക്കാനാണ് ശ്രമം. 1,237 പക്ഷികളെയാണ് ശനിയാഴ്ച കൊന്നത്. 14,228 വളർത്തുപക്ഷികളെ കൊന്നൊടുക്കും.
ഷിഗല്ല ബാധിച്ച് 52 പേരാണ് പെരുവയൽ പഞ്ചായത്തിലെ എരഞ്ഞിക്കലിൽ ഇതുവരെ നിരീക്ഷണത്തിലുള്ളത്. എരഞ്ഞിക്കൽ അങ്കണവാടിക്ക് സമീപമാണ് രോഗം കണ്ടെത്തിയത്. നിലവിൽ രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലുണ്ടായിരുന്ന ഒരു കുട്ടി ആശുപത്രി വിട്ടു. രോഗം കണ്ടെത്തിയ പ്രദേശത്തെ കടകളിൽ വിൽക്കുന്ന ഉപ്പിലിട്ടതിന്റെയും മറ്റും സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ശേഖരിച്ചു.
വേണം കരുതൽ
ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല പടരുന്നത്. പഴകിയതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ജില്ലയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി (എച്ച്5എൻ1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
ഡോ. കെ കെ രാജാറാം ജില്ല മെഡിക്കല്‍ ഓഫീസര്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |