കോഴിക്കോട്: ഇടത്തോട്ടും വലത്തോട്ടും ചായുന്നതാണ് കോഴിക്കോട് സൗത്തിന്റെ ചരിത്രം. എങ്കിലും മണ്ഡലത്തിൽ ഒരൽപ്പം മുൻതൂക്കം യു.ഡി.എഫിനാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ മണ്ഡലം ആർക്കനുകൂലമായി വിധിയെഴുതുമെന്ന് കണ്ടറിയണം. കന്നിയങ്കത്തിലും തുടർന്നും യു.ഡി.എഫ് അംഗത്തെ സഭയിലെത്തിച്ച മണ്ഡലം പിന്നീട് ഇടതിനെയും വലതിനെയും മാറി മാറി തുണച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമായിരുന്നു. ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലാണ് സിറ്റിംഗ് എം.എൽ.എ. ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ദേവർകോവിൽ. 2006ലും ഐ.എൻ.എല്ലിനായിരുന്നു നറുക്ക്. പി.എം.എ സലാമിലൂടെ മണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നു. 2011ലും 2016ലും ലീഗിലെ ഡോ.എം.കെ മുനീർ വിജയിപ്പിച്ച് യു.ഡി.എഫിനോട് ഐക്യദാർഢ്യം കാട്ടി. 2021ൽ അഹമ്മദ് ദേവർകോവിൽ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിലെ അഡ്വ. നൂർബിന റഷീദിനെ തോൽപ്പിച്ചതോടെ കാറ്റ് ഇടത്തോട്ട്. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി. മണ്ഡലം തിരിച്ചു പിടിക്കലാണ് യു.ഡി.എഫ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് ശക്തികേന്ദ്രങ്ങളായ പല വാർഡുകളും യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ടി. രനീഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും യുവമോർച്ച നേതാവുമാണ്. ഇരു മുന്നണികളുടെയും പോരായ്മകൾ ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണവുമായി എൻ.ഡി.എ രംഗത്തുണ്ട്.
കോഴിക്കോട് രണ്ടാം മണ്ഡലമെന്നാണ് കോഴിക്കോട് സൗത്ത് നേരത്തെ അറിയപ്പെട്ടത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പിലും 1960ലും കോൺഗ്രസിലെ പി.കുമാരൻ വിജയിച്ചു. എന്നാൽ 1965ലും 1967ലും ലീഗിലെ പി.എം അബൂബക്കർ ഇടതുപിന്തുണയോടെ നിയമസഭയിൽ. 1970ൽ സംഘടനാ കോൺഗ്രസിലെ കൽപള്ളി മാധവമേനോനും ഇടതുപിന്തുണയോടെ നിയമസഭയിലെത്തി. പി.എം. അബൂബക്കർ അഖിലേന്ത്യാ ലീഗിൽ ചേർന്നതിന് ശേഷം 1977, 80, 82 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. അന്നും ഇടതുപിന്തുണയോടെ. എന്നാൽ മുസ്ലിം ലീഗുകൾ ലയിച്ചതിനു ശേഷം 1987ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.പി.കുഞ്ഞു വിജയം കണ്ടു. എന്നാൽ 1991ൽ കുഞ്ഞുവിനെ എം.കെ.മുനീർ തോൽപ്പിച്ചു. 1996ൽ സി.പി.എമ്മിലെ എളമരം കരീമിനായിരുന്നു വിജയം. 2001ൽ യു.ഡി.എഫിലെ ടി.പി.എം സാഹിർ ജയിച്ചു.
വോട്ടർമാർ
പുരുഷന്മാർ....75809
സ്ത്രീകൾ....79470
ട്രാൻസ്ജെൻഡർ.... 2
ആകെ: 155281
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |