കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ വളർത്തിയ, ചെയർമാൻ രമേശൻ പാലേരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത് ആയിരങ്ങൾ.
കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കോയമ്പത്തൂരിൽ നിന്ന് സെെബർ പാർക്കിലും പിന്നീട് ഇന്നലെ വെെകിട്ട് കോഴിക്കോട് ടൗൺഹാളിലും തുടർന്ന് വടകര ടൗൺഹാളിലും പൊതുദർശനത്തിന് വച്ചു. ഇന്നലെ രാത്രി യു.എൽ.സിസി ആസ്ഥാനത്തും പൊതുദർശനത്തിനു വച്ചു. ഇന്ന് രാവിലെ 11ന് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
ഇന്നലെ ഉച്ച കഴിഞ്ഞതോടെ രമേശൻ പാലേരിക്ക് അന്ത്യോപചാരമർപ്പിക്കാൻ കോഴിക്കോട് ടൗൺഹാളിലേക്ക് നിരവധി പേർ ഒഴുകിയെത്തി. ടൗൺഹാളിനകത്തും പുറത്തും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. സൗമ്യമായ പെരുമാറ്റവും ഊഷ്മളമായ സൗഹാർദ്ദവും കാത്തുസൂക്ഷിച്ച അദ്ദേഹത്തെ അവസാനമായി ഒരു നാേക്ക് കാണാൻ സെെബർ പാർക്കിലും വടകര ടൗൺഹാളിലും യു.എൽ.സി.സി ആസ്ഥാനത്തും നിരവധി പേരെത്തി.
സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ്ബാബു, കെ. അജിത, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ.പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.വി ബാലൻ, കെ.കെ ബാലൻ, ജില്ലാ അസി. സെക്രട്ടറി പി.കെ നാസർ, ജില്ല എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, ആർ.ജെ.ഡി നാഷണൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ, ജില്ല പ്രസിഡന്റ് എം.കെ ഭാസ്കരൻ, സെക്രട്ടറി പ്രേംഭാസിൻ, സലീം മടവൂർ, കെ. ലോഹ്യ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവ്, ബ്യൂറോ ചീഫ് കെ.പി സജീവൻ എന്നിവർ റീത്ത് സമർപ്പിച്ചു.
വെറുമൊരു പേരല്ല പാലേരി രമേശൻ
കോഴിക്കോട്: രമേശൻ പാലേരി എന്നത് മലയാളിക്ക് വെറും ഒരു പേരല്ല. നേരംപുലർന്നാൽ ഉറങ്ങുംവരെ അവൻ സഞ്ചരിക്കുന്ന നിരവധിയായ റോഡുകളുടേയും പാലങ്ങളുടേയും ശിൽപ്പി. അതിനപ്പുറത്ത് കേവലം ഒരു സഹകരണ സൊസൈറ്റിയെ ഏഷ്യയിൽതന്നെ ഏറ്റവും വലിയ ഉന്നതിയിലെത്തിച്ച സഹകരണ വിപ്ലവത്തിന്റെ അതികായൻ. 66ാം വയസിൽ ഒട്ടും നിനയ്ക്കാതെ ശരീരത്തെ കവർന്ന കാൻസർ അദ്ദേഹത്തിന്റെ ഇഹലോക വാസത്തിന് തിരശ്ശീലയിട്ടെങ്കിലും മലയാളിക്ക് മുന്നിൽ കലർപ്പില്ലാതെ ചിരിച്ചുകൊണ്ട് ജീവിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ കാലാതിവർത്തിയായി നിലനിൽക്കും. 31വർഷക്കാലം ഒരു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാനായിരിക്കുക, ആ കാലങ്ങളിലൊന്നും ഒരു ചെറുവിരൽ തൂക്കത്തിൽപോലും അഴിമതിയോ ആരോപണങ്ങളോ കേൾക്കാതെ മഹാപ്രസ്ഥാനത്തെ നയിക്കുക, ഒരു ദിവസം പതിനായിരത്തോളം തൊഴിലാളികൾ സംസ്ഥാനമാകെ തൊഴിലെടുക്കുമ്പോഴും അവരുടെയെല്ലാം ചെറിയ പ്രയാസങ്ങളും പ്രശ്നങ്ങളും തൊട്ടറിയുക, ഒരുപക്ഷെ കേരളത്തിന്റെ സഹകരണ പ്രസ്ഥാന രംഗത്ത് സുവർണലിപികളിൽ രേഖപ്പെടുത്താൻ ഇതുപോലെ മറ്റൊരു പേരുണ്ടാവില്ല.
@ വാഗ്ഭടാനന്ദനിൽ നിന്നും ഏറ്റുവാങ്ങിയ തീപ്പന്തം
സമൂഹിക പരിഷ്കർത്താവായിരുന്ന വാഗ്ഭടാനന്ദന്റെ പ്രേരണയിലാണ് ഊരാളുങ്കൽ ലാബർ കോൺട്രാക്ട് സൊസൈറ്റി തുടങ്ങിയത്. പണത്തിന്റെ ആവശ്യത്തിനു പരസ്പരം സഹായിക്കാൻ ഒരു 'ഐക്യനാണയസംഘം' ആണ് ആദ്യമുണ്ടാക്കിയത്. ജോലി ഇല്ലാതായവർക്കു ജോലി നൽകുന്നതിനായി മറ്റൊരു സംഘം ഉണ്ടാക്കി. 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം'. ഈ സംഘം പണികൾ കരാറെടുത്ത് സ്വയം ചെയ്യും. തൊഴിലിനും കൂലിക്കുമൊപ്പം ലാഭവും വീതംവയ്ക്കും. ഈ സംഘമാണ് ഇന്നത്തെ 'ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 1925 ഫെബ്രുവരി 13നാണ് സംഘം റജിസ്റ്റർ ചെയ്തത്. വാഗ്ഭടാനന്ദന്റെ ശിഷ്യൻമാരായ 14 പേരായിരുന്നു പ്രചാരകർ.
1931 മുതൽ 1949 വരെ 19 വർഷക്കാലം ഊരാളുങ്കൽ സംഘത്തെ നയിച്ച പാലേരി ചന്ദമ്മാന്റെ ചെറുമകനും 1952 മുതൽ 1984 വരെ 32 വർഷം നയിച്ച പാലേരി കണാരൻ മാസ്റ്ററുടെ മകനുമായ രമേശൻ 1984ൽ ഓവർസിയറായി സംഘത്തിൽ ജോലിക്ക് ചേർന്നത് തികച്ചും അപ്രതീക്ഷിത സാഹചര്യത്തിലായിരുന്നു. പഠനം കഴിഞ്ഞ് തൊഴിൽ തേടി ഗൾഫിലേക്കുള്ള യാത്രയ്ക്കിടയിൽ മുംബൈ നഗരത്തിൽ ചുറ്റിക്കറങ്ങുന്നതിനിടയിരുന്നു അച്ഛന്റെ മരണ വാർത്തയറിഞ്ഞത്. നാട്ടിലേക്ക് തിരിച്ച രമേശൻ ഗൾഫ് സ്വപ്നങ്ങൾ കൈ വെടിഞ്ഞ് സംഘത്തിൽ ജോലിക്ക് ചേർന്നതും നിർബന്ധിത സാഹചര്യത്തിലാണ്. സംഘത്തിലെ തൊഴിലാളിയായി പ്രവർത്തിച്ച കാലയളവ് രമേശന് വലിയ അനുഭവങ്ങളാണ് നൽകിയത്. പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സംഘത്തിൽ പ്രതിസന്ധി ഘട്ടത്തിലും അന്നന്നത്തെ ആഹാരത്തിന് വേണ്ടി പിടിച്ചു നിൽക്കുന്ന കുറെ മനുഷ്യരെ ചേർത്തു പിടിച്ച് മുന്നോട്ടുപോവുക എന്ന ശ്രമകരമായ ദൗത്യം അവരുടെ നിർബന്ധത്തിന് വഴങ്ങി ഏറ്റെടുത്ത രമേശൻ, തന്റെ മുമ്പിലുള്ള വെല്ലുവിളികളെപ്പറ്റി ബോധവാനായിരുന്നു. സ്ഥാപനത്തിന്റെ സാദ്ധ്യതകൾ പൂർണമായി ഉപയോഗിക്കാനും തൊഴിലാളികർക്ക് ആത്മവിശ്വാസം നൽകാനും തുടക്കത്തിൽ തന്നെ രമേശൻ ശ്രമം നടത്തി.
1995 മുതലാണ് യു.എൽ.സി.സി.എസിന്റെ സാരഥിയായി രമേശൻ വരുന്നത്. 1995ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെയർമാനായി. തുടർച്ചയായി 31 വർഷം സൊസൈറ്റിയെ നയിച്ചു.
മുഖഛായ മാറ്റി; വയനാടിന്റെയും
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: ചുരുങ്ങിയകാലം കൊണ്ട് വയനാട് ജില്ലയുടെ മുഖഛായ മാറ്റാൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ എന്ന നിലയിൽ രമേശൻ പാലേരി ചെയ്തത്. ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടൽ വയനാട്ടിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രകടമാണ്. അത് റോഡായാലും പാലങ്ങളായാലും കെട്ടിടങ്ങളായാലും എല്ലാത്തിനും അദ്ദേഹം പ്രത്യേക താത്പ്പര്യം കാണിച്ചിരുന്നു. വയനാടിനോട് പ്രത്യേക മമത കാണിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സൊസൈറ്റിയുടെ ഓരാേ പ്രവർത്തനങ്ങളും. നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും ലോകത്തിന് തന്നെ മാതൃകയായ വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കാൻ മുൻപന്തിയിൽ നിന്നു. സഹകരണ മേഖലയിൽ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാണിച്ചത്. മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തം നടന്നപ്പോൾ സൊസൈറ്റിയുടെ മുഴുവൻ യന്ത്രസാമഗ്രികളും മാസങ്ങളോളം ദുരന്തമുഖത്ത് പ്രവർത്തിച്ചു. മുഴുവൻ ജീവനക്കാരെയും വിട്ടുനൽകി.അതേ പോലെ കളളാടി മണ്ണിടിച്ചിൽ സമയത്തും രക്ഷകരായി അവിടെ ഓടിയെത്തിയത് സൊസൈറ്റിയുടെ പ്രവർത്തകരായിരുന്നു. വയനാട്ടിലെ മലയോര ഹൈവേകൾ ഉൾപ്പെടെയുളള റോഡുകളുടെ നിർമ്മാണം ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. സൊസൈറ്റിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം പ്രിയങ്കഗാന്ധി എം.പിയിൽ നിന്ന് സൊസൈറ്റി ഭാരവാഹികൾ പുരസ്ക്കാരം ഏറ്റുവാങ്ങിയിരുന്നു.
2019 മെയ് മാസം മുതലാണ് ഇടവേളകൾ ഇല്ലാതെ വയനാട്ടിൽ ഊരാളുങ്കൽ സേവനമനുഷ്ഠിച്ച് വന്നത്. തിരുനെല്ലി പഞ്ചായത്തിലെ പ്രശസ്തമായ നെട്ടറ പാലവും റോഡും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജില്ലയിലെ ഏറ്റവും നീളം കൂടിയ വളളിയൂർക്കാവ് പാലവും ശ്രദ്ധേയമായ പ്രവൃത്തിയാണ്. ചൂരൽമല ഉരുൾ പൊട്ടിയപ്പോൾ ബെയ്ലി പാലം നിർമ്മാണത്തിൽ ആർമിയെ സഹായിക്കാൻ മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടും രണ്ടുമാസത്തോളം സൊസൈറ്റി പ്രതിനിധികൾ ചൂരൽ മലയിൽ സേവനമനുഷ്ഠിച്ചു.എല്ലാം ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
ഒഞ്ചിയം പരിധിയിൽ ഇന്ന് ഹർത്താൽ
വടകര: അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനോടുള്ള ആദരസൂചകമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് ദു:ഖസൂചകമായി ഹർത്താൽ ആചരിക്കും. സർവകക്ഷി തീരുമാനപ്രകാരം രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഹർത്താൽ. പാലേരി രമേശന്റെ വിയോഗത്തിൽ ആദരസൂചകമായി ഇന്ന് മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളി വി.വി.എച്ച്.എസ് എന്നിവയ്ക്ക് അവധിയായിരിക്കും.
പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെന്ന് പിണറായി വിജയൻ
കോഴിക്കോട്: കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എൽ.സി.സി.എസിനെ അനന്യമായ കർമ്മശേഷിയോടെയാണ് അദ്ദേഹം നയിച്ചത്.
വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സഹകരണ സംഘം ഇന്ന് നിർമ്മാണരംഗത്തോടൊപ്പം വിവര സാങ്കേതിക വിദ്യയടക്കം വൈവിദ്ധ്യമാർന്ന മേഖലകളിൽ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണിത്. ഈ വളർച്ചയ്ക്ക് പിന്നിൽ രമേശന്റെ അക്ഷീണമായ പ്രവർത്തനമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സഹകരണ തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു. ഇൻഫ്രാസ്ട്രക്ചർ, ഐ.ടി -യു.എൽ. സൈബർ പാർക്ക്, ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ന് യു.എൽ.സി.സി.എസ് അനിഷേധ്യ സാന്നിദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഉയർത്തിക്കൊണ്ടുവരാനായി തന്റെ പിതാവിന്റെ പാതയിൽ സഞ്ചരിച്ചയാളായിരുന്നു രമേശൻ പാലേരി. ഏറെ ശ്രമകരമായ പ്രവർത്തനത്തിലൂടെയും അനുഭവത്തിലൂടെയും സഹജീവികളെ വിശ്വാസത്തിലെടുത്തു. ഉത്തരവാദിത്വം നിർവഹിക്കുന്നതിന് സ്വയം സമർപ്പിച്ച അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയായിരുന്നു. രാജ്യത്തെ തന്നെ പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധർ, ടെക്നോക്രാറ്റുകൾ വിവിധ തലങ്ങളിലുള്ള സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ രമേശിന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം നേരിട്ട് മനസിലാക്കിയവരാണ്.
-സത്യൻ മൊകേരി
സി.പി.ഐ അസി. സെക്രട്ടറി
ഊരാളുങ്കൽ സൊസൈറ്റിക്ക് മൂന്നുപതിറ്റാണ്ടിലധികം കർമ്മനിരതവും ഭാവനാപൂർണവുമായ നേതൃത്വം നൽകിയ രമേശൻ പാലേരി, സ്ഥാപനത്തെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ കൂട്ടായ്മയായി വളർത്തിയെടുത്തു. കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഉയർന്ന ഗുണനിലവാരം കൊണ്ടുവന്നു എന്നതാണ് സൊസൈറ്റിയുടെ വലിയ സംഭാവന. അതിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സൊസൈറ്റി വലിയ പങ്കു വഹിച്ചു.സഹകരണ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കേരളം എക്കാലവും സ്മരിക്കും.
- ഡോ. ആസാദ് മൂപ്പൻ
ആസ്റ്റർ ഡി എം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ
കാലിക്കറ്റ് ചേംബർ
സഹകരണ പ്രസ്ഥാനത്തിന് നവീനമായ ദിശാബോധം നൽകിയ ദീർഘവീക്ഷണമുള്ള സംഘാടകനും മാതൃകാപരമായ ഭരണാധികാരിയുമായിരുന്നു രമേശൻ പാലേരി. തൊഴിലാളി സഹകരണ മേഖലയെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയ അദ്ദേഹത്തിന്റെ നേതൃത്വവും വികസന കാഴ്ചപ്പാടും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക പുരോഗതിക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി.
-കാലിക്കറ്റ് ചേംബർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |