കോഴിക്കോട്: കാലവർഷം ശക്തമായതോടെ വില്ലന്മാരായി ആഫ്രിക്കന്‍ ഒച്ചുകളെത്തി. വീടുകളിലും കൃഷിയിടങ്ങളിലുമായി ഒച്ചുകള്‍ വ്യാപകമായി പെരുകിയതോടെ ജനങ്ങളും കര്‍ഷകരും ദുരിതത്തിലാണ്.
തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍ എന്നിവയുടെ ഇലകളും തണ്ടുകളും നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.
വെള്ളക്കെട്ടും ഈര്‍പ്പവും അനുകൂലമായതോടെ വീടുകളുടെ മതിലുകള്‍, അടുക്കളകള്‍, കിണറുകള്‍ എന്നിവിടങ്ങളിലേക്കും
ഇവ എത്തുന്നുണ്ട്. ചുമരിലും മതിലിലും പ്ലാസ്റ്റർ ചെയ്ത സിമന്റ് മുതൽ കൃഷി വരെ ജൈവ അജൈവ വ്യത്യാസമില്ലാതെ ഇവ തിന്നു തീർക്കും. ദിവസവും നൂറുകണക്കിന് ഒച്ചിനെ കൊല്ലുന്നുണ്ടെങ്കിലും പിറ്റേന്നും അത്രത്തോളം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഒച്ചുകളുടെ ശരീരത്തില്‍ നിന്നുള്ള സ്രവം കുട്ടികളടക്കമുള്ളവരില്‍ അലര്‍ജി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരില്‍ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന അന്‍ജിയോസ്ട്രോംഗിലസ് കന്റോണെന്‍സിസ് എന്ന വിരയുടെ ലാര്‍വകള്‍ ഇവയില്‍ ഉണ്ടായിരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. അതിനാല്‍ ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും പാദരക്ഷയും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉപ്പുലായനി ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കാമെങ്കിലും മുട്ടകളും പൂര്‍ണമായി നശിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇവയുടെ വ്യാപനം നിയന്ത്രിക്കാനാകൂ.
പ്രത്യുത്പാദനശേഷി വളരെ കൂടുതൽ
പ്രത്യുത്പാദനശേഷ കൂടുതലായ ഇവ ശരാശരി 900 മുട്ടകളെങ്കിലുമിടും. മുട്ട മൂന്നു വർഷം വരെ മണ്ണിൽ ജീവിക്കും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങും. അനുകൂല സാഹചര്യങ്ങളിൽ ഏഴുമുതൽ പത്തുവർഷം ജീവിക്കും. ഒച്ചുകളുടെ ഷെൽ നിർമ്മിതിയ്ക്ക് കൂടിയ അളവിൽ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകൾ, ചുമരുകൾ, സിമൻ്റു തേച്ച സ്ഥലങ്ങൾ മുതലായ ഇടങ്ങളിൽ കൂട്ടമായി കാണപ്പെടുന്നത്.
ശ്രദ്ധിക്കാം..
ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, കാടുകയറിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക.
പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വെച്ചശേഷം പുറത്തുവെക്കുക. ഇവയിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ തുരിശുലായനി തളിച്ചോ നശിപ്പിക്കാം.
60 ഗ്രാം തുരിൾ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം.
മണ്ണിളക്കിക്കൊടുക്കുക ഇത് ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിച്ചു പോകാനും ഇവയുടെ വംശവർദ്ധന നിയന്ത്രിക്കാനും സഹായിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |