SignIn
Kerala Kaumudi Online
Friday, 07 August 2026 5.20 AM IST

കടലിൽ പോയിട്ടും കണ്ണീർ ബാക്കി, വില്ലനായി ജെല്ലിഫിഷും കടൽമാക്രിയും

fidhhhhh-
വെള്ളയിൽ ഹാർബറിൽ ചെറുവള്ളങ്ങളിൽ എത്തിയ മത്സ്യവുമായി പോകുന്ന തൊഴിലാളികൾ

കോഴിക്കോട്: 52 ദിവസം നീണ്ട ട്രോംളിംഗ് നിരോധനമവസാനിച്ചിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതം ഒഴിയുന്നില്ല. മീൻ കിട്ടുന്നില്ലെന്ന് മാത്രമല്ല ജെല്ലിഫിഷും കടൽമാക്രിയും കാരണം കടലിൽ പോയവർ തിരികെയെത്തുന്നത് കാലിയായ വലയുമായാണ്. വലിയ മത്തിയില്ല, കിട്ടുന്നതാകട്ടെ വിപണിയിൽ വിലയില്ലാത്ത ചമ്പാനും ചെറിയ അയലകുഞ്ഞുങ്ങളും. ബോട്ടിൽ പോകുന്നവർക്ക് ചെലവിനുള്ള കാശുപോലും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികളുടെ പരാതി. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ആഴക്കടലിലേക്കിറങ്ങിയാൽ അയക്കൂറയടക്കം വലിയ മത്സ്യങ്ങൾ കിട്ടേണ്ടതാണ്. എന്നാൽ ഒന്നും രണ്ടും ദിവസം കാത്തിരുന്നിട്ടും വല കാലിയാണെന്ന് തൊഴിലാളികൾ പറയുന്നു. സാധാരണ കർക്കടക മാസങ്ങളിൽ ആഴക്കടലിലും അതുകഴിഞ്ഞാൽ തീരങ്ങളിലേക്കും മത്തിവരാറുണ്ട്. ഇത്തവണ അത്തരം ലക്ഷണങ്ങളൊന്നും കാണുന്നില്ല. അതുപോലെ അയലയും കുറവാണ്. കിട്ടുന്നതാകട്ടെ കുഞ്ഞൻ അയലയും. ഇതിനെല്ലാം വിലകുറവാണ്.

നീരൊഴുക്കും ജെല്ലിഫിഷും പ്രതികൂലം

കടലിലിപ്പോൾ ശക്തമായ നീരൊഴുക്കാണ്. ചെറിയ തോതിലുള്ള നീരൊഴുക്ക് മഴക്കാലത്ത് പതിവാണ്. പുഴയിൽ നിന്നും വലിയ തോതിൽ വെള്ളം കടലിലേക്ക് വരുമ്പോൾ കടലത് തിരിച്ചും മറിച്ചും കളയുന്നതാണിത്. ഇത്തവണ അത് കൂടുതലാണ്. അതിനാൽ വലയിൽ മത്സ്യങ്ങൾ കുടുങ്ങുന്നില്ല. അതുപോലെ വൻകിട കപ്പലുകളുടെ ഫിഷിംഗ് കാരണം കടലിൽ ആമകളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. ആമകളുടെ പ്രധാന ഭക്ഷണമായ ജെല്ലിഫിഷ് കൂടി. വലനിറയെ ജെല്ലിഫിഷുകൾ കുടുങ്ങുന്നത് വിനയാണ്. അത് പൊട്ടിയുണ്ടാകുന്ന നീര് ശരീരത്തിലാവുമ്പോൾ ശരീരമാകെ ചൊറിഞ്ഞ് തടിക്കും. കല്ലുമ്മക്കായ പിടിക്കാനിറങ്ങയാൽ അവിടേയും ജെല്ലിഫിഷ് വില്ലനാണ്. അതുപോലെ കടൽമാക്രികളും കൂടുതലായിട്ടുണ്ട്. ഇവ വലയിൽ കുടുങ്ങുമ്പോൾ കത്രിക കൊണ്ട് മുറിക്കുന്നത് പോലെയാണ് വല കീറിപ്പോവുന്നത്. ഇതുമൂലം ഉണ്ടാവുന്നത് വലിയ നഷ്ടമാണ്.

തെക്കോട്ടും വടക്കോട്ടും മാറിമാറിയുള്ള ഒഴുക്ക്. ഒരിടത്ത് വലയിട്ടാൽ അതെടുക്കാനാവുന്നത് കിലോമീറ്ററുകളോളം അകലെ നിന്നെന്ന് വെള്ളയിൽ ഹാർബറിലെ മത്സ്യത്തൊഴിലാളികളായ എൻ.വി യൂനസ്, അബ്ദുള്ള, മുസ്തഫ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL