SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

ഇന്ന് ഉത്രാടപ്പാച്ചിൽ; തിരുവോണം മൂഡ് ഓൺ

onam
onam

കോഴിക്കോട്: പൂവും പുത്തനുടുപ്പും വാങ്ങണം, സദ്യയ്ക്കുള്ള സാധനങ്ങളൊന്നും വിട്ടുപോകരുത്, പായസത്തിന് മധുരം കുറയാനും പാടില്ല. ഓണം കളറാക്കാൻ അവസാനഘട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. നാളെ തിരുവോണം. പൂക്കളമൊരുക്കാനും വിഭവസമൃദ്ധമായ സദ്യയൊരുക്കാനും ഓണക്കോടിയെടുക്കാനുമുള്ള അവസാനവട്ട ഓട്ടത്തിലാണ് നാടും നഗരവും. മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ്, നഗരത്തിലെ മാളുകൾ എന്നിവിടങ്ങളിലെല്ലാം ആളുകളൊഴുകിയെത്തുകയാണ്. ഇടയ്ക്കിടെ മഴ പെയ്തെങ്കിലും ആഘോഷത്തിരക്കിന് കുറവുണ്ടായില്ല.

വിപണിയും സജീവം

പച്ചക്കറി, പഴവർഗ വിപണികളിൽ ഇന്ന് തിരക്കോട് തിരക്കാകുമെന്നുറപ്പ്. തിരുവോണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും പലചരക്കുസാധനങ്ങളും വാങ്ങാൻ പുലർച്ചെ മുതൽ ആളുകളെത്തും. ജില്ലയിലെ ഓണം മേളകളിലും വൻ ജനപങ്കാളിത്തമായിരുന്നു ഇന്നലെ. ഗൃഹോപകരണ-ഇലക്ട്രോണിക്സ് വിപണിയും വൈവിദ്ധ്യമാർന്ന ഓഫറുകളുമായി സജീവമാണ്.പൂക്കളമൊരുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പൂവിപണി. പാളയം, തളി മേഖലകളിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ഇന്നലെ തന്നെ വലിയ തിരക്കായിരുന്നു. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഓണാഘോഷങ്ങൾക്കായി വലിയ അളവിൽ പൂക്കൾ വിറ്റഴിഞ്ഞു. ഓണത്തപ്പനും മറ്റ് ഓണ അലങ്കാര വസ്തുക്കളും നേരത്തേ തന്നെ വിപണിയിലെത്തി. മരത്തിൽ തീർത്ത ഓണത്തപ്പനും ഇക്കുറി ധാരാളമായി വിൽപ്പനയ്ക്കുണ്ട്. ഓണസാമഗ്രികളുമായി വഴിയോര കച്ചവടക്കാരും രംഗത്തുണ്ട്.

കൈത്തറി മേളകളിലും പരമ്പരാഗത കാർഷിക-വ്യാവസായിക ഉത്പന്ന മേളകളിലും രാവിലെ മുതൽ തന്നെ ജനത്തിരക്കുണ്ട്. തെരുവുകച്ചവടവും ഓണവിപണി ലക്ഷ്യമിട്ട് സജീവമാണ്. പാത്രങ്ങൾ, മൺചട്ടികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങി ആവശ്യമുള്ളതെല്ലാം വഴിയോര കച്ചവടത്തിൽ ലഭ്യമാണ്.

സദ്യയൊരുക്കാൻ തിരക്ക്

തിരുവോണ സദ്യയുടെ ഓർഡറുകൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും. ഇന്ന് വിതരണം ചെയ്യേണ്ട സദ്യയ്ക്കും പായസത്തിനുമുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി മുതൽ തന്നെ തകൃതിയായി. വലിയ ഓർഡറുകൾ ലഭിച്ചതോടെ പല സ്ഥാപനങ്ങളും ബുക്കിംഗ് നേരത്തേ അവസാനിപ്പിച്ചു. സ്കൂളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓർഡറുകൾക്കും വീടുകളിലേക്കുള്ള സദ്യയ്ക്കും ആവശ്യക്കാരേറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL