SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.41 AM IST

കുട്ടി പൊലീസ് ഇനി 'വല്യ' പൊലീസ്

passian
പൊലീസ് ബാൻഡ് ടീം പാസിംഗ് ഔട്ട് കഴിഞ്ഞ അഭിജിത് .സി. അജയൻ, സാമുവൽ റെയ്‌മണ്ട്, മുഹമ്മദ് അർഷാദ്, എം.എസ്. ഷാറോൺ എന്നിവർ

@കുട്ടി പൊലീസിന്റെ കുപ്പായമണിഞ്ഞ നാലുപേർ ഇനി കേരള പൊലീസിലേക്കും

മാനന്തവാടി: പതിമൂന്നുവർഷം മുമ്പ് കുട്ടി പൊലീസിന്റെ കുപ്പായമണിഞ്ഞ നാലുപേർ ഒരുമിച്ച് ഇനി കേരള പൊലീസിലേക്കും. 2013- 2015 ബാച്ചിൽ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.പി.സി കേഡറ്റുകളായിരുന്ന മാനന്തവാടി സ്വദേശികളായ അഭിജിത് .സി. അജയൻ, സാമുവൽ റെയ്മണ്ട്, മുഹമ്മദ് അർഷാദ്, എം.എസ്. ഷാറോൺ എന്നിവരാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്റ്റേറ്റ് ആംഡ് പൊലീസ് ക്യാമ്പിൽ നടന്ന പൊലീസ് ബാൻഡ് ടീം പാസിംഗ് ഔട്ട് കഴിഞ്ഞ് സേനാംഗങ്ങളായി ജോലിയിൽ പ്രവേശിച്ചത്. എസ്.പി.സി കേഡറ്റുകൾക്കായി സംസ്ഥാനത്ത് ആദ്യം ബാൻഡ് ടീം ആരംഭിച്ച സ്‌കൂളാണ് മാനന്തവാടി. അക്കാലത്ത് മാനന്തവാടി സി.ഐ. ആയിരുന്ന പി.എൽ. ഷൈജുവിന്റെയും എസ്.പി.സിയുടെ ചുമതല വഹിച്ചിരുന്ന അദ്ധ്യാപകൻ ജോസഫ് സി. പോളിന്റെയും നേതൃത്വത്തിലാണ് മാനന്തവാടി സ്‌കൂളിൽ ബാൻഡ് ടീം തുടങ്ങിയത്. അന്ന് ടീമിൽ അംഗങ്ങളായിരുന്ന കുട്ടികൾ പിന്നീട് വർഷങ്ങളോളം പൊലീസിന്റെ ഐ.ഡി.ആർ.ഡി പരേഡുകളിലും, പൊലീസിന്റെയും എസ്.പി.സിയുടെയും വിവിധ പരിപാടികളിലും ബാൻഡ് ടീമായി പ്രവർത്തിച്ചു. പൊലീസ് ബാൻഡ് ടീമിൽ നിന്നു റിട്ടയർ ചെയ്ത ജോസഫ് ഓടപ്പള്ളമാണ് ഈ കുട്ടികൾക്ക് ബാൻഡ് പരിശീലനം നൽകിയത്. ഡ്രിൽ ഇൻസ്ട്രക്ടറായിരുന്ന പി.വി. ബേബി, അദ്ധ്യാപകൻ ജിജി ജോസഫ് തുടങ്ങിയവരാണ് ഇവർക്ക് എസ്.പി.സി. പരിശീലനം നൽകിയത്. എസ്.പി.സി. ബാൻഡ് ടീമിനെ പിന്നീട് മുന്നോട്ടുനയിച്ചത് ഇപ്പോൾ ജില്ലാ പൊലീസ് ബാൻഡ് ടീം ക്യാപ്റ്റനായ ബഷീർ പനമരമാണ്. എസ്.പി.സി. അംഗങ്ങളുടെ നേട്ടം മാനന്തവാടി ജി.വി.എച്ച്.എസ്.എസിനും കേരള പൊലീസിനും ഒരുപോലെ അഭിമാനകരമായി മാറിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL