SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.49 AM IST

തിരുവോണത്തിനുമില്ല... നെല്ലളന്നതിന്റെ പണം

nellu
.

ചിറ്റൂർ: മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് അളന്ന കർഷകർക്ക് ഓണത്തിന് മുമ്പ് പണം ലഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാളിയതോടെ ഇത്തവണ നെൽകർഷരുടെ തിരുവോണം നിരാശയിലായി. സപ്ലൈകോയ്ക്ക് നെല്ല് അളന്ന് നാല് മാസം കഴിഞ്ഞിട്ടും മുഴുവൻ കർഷകർക്കും പണം ലഭിച്ചിട്ടില്ല. ഒന്നാം ഗഡു അനുവദിച്ച കർഷകർക്ക് തന്നെ പണം കൊടുത്തു പൂർത്തിയായിട്ടില്ല. ജൂൺ 30 വരെ അലോട്ട്‌മെന്റ് ചെയ്ത കർഷകർക്ക് പണം കൊടുത്തു തീർക്കാത്ത അവസ്ഥയാണുള്ളത്. ജൂൺ 30 ന് ശേഷം അലോട്ട്‌മെന്റ് ആയത് ഇനി ഓണം കഴിഞ്ഞാലും കർഷകന്റെ കൈയ്യിൽ പണം കിട്ടാൻ സാദ്ധ്യത കുറവാണ്. സർക്കാർ സപ്ലൈകോയ്ക്ക് പണം കൊടുത്ത ശേഷം കഴിഞ്ഞ വിളയ്ക്ക് വായ്പയായി വാങ്ങിച്ച നെല്ലിന്റെ പണം തിരിച്ചടച്ചു കഴിഞ്ഞാലാണ് കർഷർക്ക് വീണ്ടും വായ്പ അനുവദിക്കുന്നത്. പത്രമാദ്ധ്യമങ്ങളിലൂടെ സർക്കാർ പണം അനുവദിച്ചു എന്ന വാർത്തകേട്ട് നൂറ് കണക്കിന് കർഷകർ നിരവധി തവണ ബാങ്കിൽ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു, ഇതിനിടെ 70 വയസ് കഴിഞ്ഞവർക്ക് പാൻകാർഡ് വേണമെന്ന ബാങ്ക് അധികൃതരുടെ പുതിയ നിബന്ധന വൃദ്ധരായ കർഷകരെ പ്രത്യേകിച്ച് വനിതകർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. സപ്ലൈകോയ്ക്ക് നെല്ല്‌കൊടുക്കുന്ന കർഷകർ ആകെയുള്ളതിൽ 20% മാത്രമേ ആദ്യം കൊയ്ത്ത് നടത്തുകയുള്ളു. രണ്ടാം ഘട്ടം 30% വും മൂന്നാം ഘട്ടം 40% വും നാലാം ഘട്ടം 10% എന്ന കണക്കിലാണ് നെല്ല് സംഭരിക്കുക. അവസാന ഘട്ടങ്ങളിൽ കൂടുതൽ കൊയ്ത്ത് നടത്തിയ കർഷകർക്കാണ് ചിറ്റൂർ മേഖലയിൽ പണം ലഭിക്കാതെ വരുന്നതെന്ന് കർഷകർ പറഞ്ഞു. ഒന്നാമത്തെ അലോട്ട്‌മെന്റ് തന്നെ കൊടുത്ത് തീരാത്ത സാഹചര്യത്തിൽ കർഷകന്റെ കൈയ്യിൽ പണം എത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ചിറ്റൂർ മേഖലയിൽ നെൽ കർഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL