തിരുവനന്തപുരം: വിഷ്ണു നാമങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നു. ഭക്തിനിർഭരമായ അന്തരീഷത്തിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി.
ഇന്നലെ രാവിലെ 9ന് കൊടിക്കൂറ പൂജയ്ക്ക് പിന്നാലെ പെരിയനമ്പിയും പഞ്ചഗവ്യത്തുനമ്പിയും കൊടിയും കൊടിക്കയറും, തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന് കൈമാറി. കിഴക്കേഗോപുരത്തിന് മുന്നിലെ സ്വർണക്കൊടിമരത്തിൽ ഗരുഡരൂപം അടയാളപ്പെടുത്തിയ കൊടി തന്ത്രി ഉയർത്തി.വായ്ക്കുരവയും വാദ്യഘോഷവും ഉയർന്നു.
തുടർന്ന് തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലെ വെള്ളിക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് കൊടിയേറ്റി. രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവശീവേലി നടന്നു.
ഏപ്രിൽ 1ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പള്ളിവേട്ടയും,2ന് വൈകിട്ട് ശംഖുംമുഖം കടവിൽ ആറാട്ടും നടക്കും.3ന് രാവിലെ ആറാട്ട് കലശത്തോടെ ഉത്സവത്തിന്റെ ചടങ്ങുകൾ സമാപിക്കും.
തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികളും കിഴക്കേനട നാടകശാലയിൽ രാത്രി കഥകളിയും അരങ്ങേറും.
ഗരുഡ വാഹനത്തിലാണ് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കുന്നത്.സുന്ദര വിലാസം കൊട്ടാരത്തിനു മുന്നിൽ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട നടത്തുന്നത്. പടിഞ്ഞാറേ നടവഴി ശ്രീപദ്മനാഭ സ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയെയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും.ക്ഷേത്ര സ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പ് എയ്ത് വേട്ട നിർവഹിച്ച ശേഷം വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളിക്കും.ഏപ്രിൽ 2ന് വൈകിട്ട് 5ന് പടിഞ്ഞാറെ നടവഴി ആറാട്ട് ഘോഷയാത്ര ആരംഭിക്കും.
കൊടിയേറ്റിന് മുന്നോടിയായി മുളപൂജയ്ക്കുള്ള മണ്ണുനീർ കോരൽ ചടങ്ങ് നടന്നു. പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നാണ് മണ്ണുനീർ കോരിയത്.കൊടിയേറ്റിന്റെ ചടങ്ങിന് യോഗത്തിൽ പൂജാരിമാർ,ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,വേലപ്പൻനായർ,എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് ശ്രീഹരി,മാനേജർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |