മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ശമ്പളം മുടങ്ങി ജില്ലയിലെ 641 സമഗ്ര ശിക്ഷാ കേരള ജീവനക്കാർ. രണ്ട് കോടിയോളം രൂപയാണ് കുടിശ്ശിക. പദ്ധതിയുടെ 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു വർഷമായി വൈകിയാണ് ശമ്പളം ലഭിക്കുന്നതെങ്കിലും ഇത്ര വൈകാറില്ലെന്ന് ജീവനക്കാർ പറയുന്നു.
മേയ് മാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചത് ജൂൺ ഒന്നിനാണ്. ദിവസ വേതന-കരാർ ജീവനക്കാരും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, താല്ക്കാലിക അദ്ധ്യാപകർ, ക്ലസ്റ്റർ കോഓർഡിനേറ്റർമാർ തുടങ്ങി സമഗ്ര ശിക്ഷ കേരളയിൽ ഉൾപ്പെടുന്നവർക്കെല്ലാം ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഭിന്നശേഷിക്കുട്ടികൾക്ക് നൽകിവരുന്ന ട്രാൻസ്‌പോർട്ട് അലവൻസ്, എസ്‌കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പന്റും മുടങ്ങി.
സൗജന്യമായി വിതരണം ചെയ്തിരുന്ന വീൽച്ചെയർ, ക്രച്ചസ്, ശ്രവണ സഹായികൾ, ബ്രെയിൽ പുസ്തകങ്ങൾ എന്നിവയെല്ലാം മുടങ്ങിക്കിടക്കുകയാണ്.
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. കേരളം കരാറിൽ ഒപ്പിട്ട സമയത്ത് സമഗ്ര ശിക്ഷാ കേരള ഫണ്ടിനത്തിൽ തുക അനുവദിച്ചിരുന്നു. പദ്ധതി മരവിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതോടെ കേന്ദ്രം എസ്.എസ്.കെ.ഫണ്ട് അനുവദിക്കാതെയായി. ചർച്ചകൾക്കൊടുവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ട തുക അനുവദിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല.
വിട്ടുവീഴ്ചയില്ലാത്ത പരിചരണം
ഫിസിയോ, സ്പീച്ച്, ഒക്യുപേഷനൽ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള തെറാപ്പികൾ കുട്ടികൾക്ക് ലഭിക്കുന്നതിനായി ജില്ലയിലെ 14 ബി.ആർ.സിയിലും ഒരു യു.ആർ.സിയിലും ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി ഹോം ബേസ്ഡ് കുട്ടികൾക്ക് സ്‌പെഷൽ എജ്യുക്കേറ്റേഴ്സ് ക്ലാസും കൊടുക്കാറുണ്ട്. ശമ്പളം മുടങ്ങിയെങ്കിലും ജോലിയിൽ ഇതുവരെ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ട് പോയാൽ പ്രതിസന്ധിയിലാകുമെന്നും ജീവനക്കാർ പറയുന്നു.
പ്രവർത്തനങ്ങൾ
> സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക.
> അദ്ധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകുക
> വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുക
> ചോദ്യപ്പേർ ഡാറ്റ കളക്ഷൻ
> പ്രവേശനോത്സവം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക
ആകെ ജീവനക്കാർ- 642
ജില്ലയിലെ കുടിശ്ശിക- രണ്ട് കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |