പന്മന: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന 'തൂഫാൻ പദ്ധതി'യുടെ ഭാഗമായി ചവറ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ലഹരി ഉപയോഗം ഒഴിവാക്കി കുട്ടികൾ കളിയിടങ്ങളിലേക്ക് മടങ്ങിപ്പോകുക എന്ന സന്ദേശമുയർത്തിയാണ് മത്സരം നടത്തിയത്. പന്മന കുരീത്തറമുക്ക് ഡർബിൽ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ. അരുൺ രാജ് നിർവഹിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ച കുട്ടികളെ അനുമോദിച്ചു. പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംന റാഫി, അൻവർ കാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് തയ്യിൽ, വൈ .രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ചവറ പൊലീസ് ഇൻസ്പെക്ടർ ആർ.മനോജ് കുമാർ സ്വാഗതവും സബ് ഇൻസ്പെക്ടർ ജി.ജയകുമാർ നന്ദിയും പറഞ്ഞു. ചവറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ.രഞ്ജിത്ത് മത്സരങ്ങളുടെ ഏകോപന ചുമതല നിർവഹിച്ചു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ആവേശകരമായ മത്സരങ്ങളാണ് ഗ്രൗണ്ടിൽ അരങ്ങേറിയത്. സീനിയർ വിഭാഗത്തിൽ ചവറ പൊലീസ് ടീമും മനയിൽ ഫുട്ബോൾ അസോസിയേഷനും തമ്മിൽ നടന്ന മത്സരത്തിൽ മനയിൽ ഫുട്ബോൾ അസോസിയേഷൻ വിജയികളായി. ജൂനിയർ വിഭാഗത്തിൽ സ്റ്റാർട്ട് ഫോർഡ് ഫുട്ബോൾ ക്ലബ്ബും മനയിൽ സോക്കർ സ്കൂളും തമ്മിൽ മാറ്റുരച്ചതിൽ സ്റ്റാർട്ട് ഫോർഡ് എഫ്.സി വിജയം കൈവരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |