പാറശാല: പാറശാല താലൂക്ക് ആശുപത്രിയിലെത്തിയ 3 വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പാറശാല തലച്ചൻവിള സ്വദേശി അഖിൽരാജിന്റെ മകൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വയറിളക്കവും ഛർദ്ദിലുമായെത്തിയ കുട്ടിക്ക് ഡോക്ടർ ഡ്രിപ്പ് നൽകാൻ നിർദ്ദേശിച്ചു. എന്നാൽ കുട്ടിക്ക് നൽകിയ മരുന്ന് കുപ്പി പഴയതാണെന്ന് രക്ഷിതാക്കൾ കണ്ടെത്തി. രക്ഷിതാക്കൾ ബഹളം വച്ചതോടെ നടത്തിയ പരിശോധനയിൽ മരുന്ന് കുപ്പി പഴയതാണെന്ന് കണ്ടെത്തുകയും പകരം പുതിയ കുപ്പിയിലെ മരുന്ന് നൽകുകയുമായിരുന്നു. കുറേനേരത്തിന് ശേഷം കുട്ടി സാധാരണ നിലയിലേക്ക് മാറിയതിനാൽ രാത്രി തന്നെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ നേരത്തെ പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനിടെ ഉണ്ടായ പിശകാണ് സംഭവങ്ങൾക്ക് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിനെതിരെ ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാറശാല ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |