തൃശൂർ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) സമരരംഗത്തേക്ക്. ഹോട്ടലുകളിലെ ഭക്ഷണവില വർദ്ധിപ്പിക്കാതെ തരമില്ലെന്ന് ഹോട്ടലുടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
മേയ് എട്ടിന് സംസ്ഥാനത്തെ കാറ്ററിംഗ് അടുക്കളകൾ പൂട്ടിയിടും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും എ.കെ.സി.എ അസോസിയേഷൻ തീരുമാനിച്ചു.
പാചകവാതക ക്ഷാമം നിലനിൽക്കുന്നതിനിടെ സിലിണ്ടറുകൾക്ക് 50 ശതമാനത്തിലധികം വില വർദ്ധിപ്പിച്ചതിനാൽ കിച്ചണുകൾ
അടച്ചിടേണ്ട സാഹചര്യമാണെന്ന് ആൾ കേരളാ കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം. ഷമീർ, സംസ്ഥാന സെക്രട്ടറി ബാലൻ കല്യാണി, ജില്ലാ വർക്കിംഗ് സെക്രട്ടറി സുനിൽകുമാർ ജില്ലാ ട്രഷറർ അബ്ദുൾ അസീസ് എന്നിവർ അറിയിച്ചു.
മേയ് ആറിന് കേരളത്തിലെ മുഴുവൻ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കാറ്ററേഴ്‌സും ബേക്കറി ഉടമകളും കൂടി സമരത്തിലേക്ക് നീങ്ങുന്നതോടെ ഭക്ഷ്യവിതരണ ശൃംഖല പൂർണ്ണമായും സ്തംഭിക്കും. പാചകവാതക വില വർദ്ധനവ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരളയും പറയുന്നു.
30% വില വർദ്ധനവ് അനിവാര്യം
* യുദ്ധത്തിന്റെ മറവിൽ ഗ്യാസ് വില നിയന്ത്രണമില്ലാതെ കൂട്ടുന്നത് കാറ്ററിംഗ് യൂണിറ്റുകളെ നഷ്ടത്തിലാഴ്ത്തിയെന്ന് ഭാരവാഹികൾ.
* പല കരാറുകളും മാസങ്ങൾക്ക് മുൻപേ ഉറപ്പിച്ചതിനാൽ ഇപ്പോൾ വില കൂട്ടാൻ കഴിയാത്ത അവസ്ഥയിലാണ്.
* നിലവിലെ സാഹചര്യം തുടർന്നാൽ വിഭവങ്ങൾക്ക് 30 ശതമാനം വരെ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കാറ്ററേഴ്‌സ് അസോസിയേഷൻ
* ചെറുകിടഇടത്തരം യൂണിറ്റുകളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ബേക്കറിക്കും വില കൂടും
ബ്രഡ്, ബൺ, റസ്‌ക് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരളയും വ്യക്തമാക്കി. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാകും. വാണിജ്യ ഗ്യാസിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് അയച്ചതായും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ, ജില്ലാ പ്രസിഡന്റ് പി.എം. ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി നീരജ് കുമാർ എന്നിവർ അറിയിച്ചു.
വിവാഹം ഉൾപ്പെടെയുള്ള ആഘോഷവേദികളിൽ ഭക്ഷണം വിളമ്പുന്ന കാറ്ററിംഗ് മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളുണ്ട്. തൊഴിലാളികളോടൊപ്പം ചടങ്ങുകൾ നടത്തുവർക്ക് കൂടി പാചകവാതക വിലവർദ്ധനവ് ഇരുട്ടടിയാകും.പി.എം. ഷമീർ, ജില്ലാ പ്രസിഡന്റ്, എ.കെ.സി.എ
കാറ്ററിംഗ് വില 30% കൂടിയാൽ
ഇനം:.....................................പഴയ വില..................പുതിയ വില (30% കൂടുതൽ)
സദ്യ:.......................................150 220..........................190 300
ചിക്കൻ ബിരിയാണി............160 180.............................210 240
ബീഫ് ബിരിയാണി..............180 200..............................240 260
ക്രിസ്ത്യൻ ഊണ്..................270 300...............................350 410
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |