SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

കുറ്റകൃത്യങ്ങളിൽനിന്ന് മോചനം നേടാൻ കൂടുതൽ കുട്ടികൾ, വീഴാൻ വിടാതെ... കൈപിടിച്ച് 'കാവൽ'

photo

തൃശൂർ: കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്ത് അകപ്പെട്ടുപോകുന്ന കുട്ടികൾക്ക് കരുതലൊരുക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ 'കാവൽ', 'കാവൽ പ്ലസ്' പദ്ധതികൾ ജില്ലയിൽ വൻ വിജയം നേടുന്നു. സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതികളിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം ജില്ലയിലും സംരക്ഷണം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

കുട്ടികളിലെ കുറ്റവാസനയും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണതയും ഗണ്യമായി കുറയ്ക്കാൻ ഈ പദ്ധതികൾക്ക് സാധിച്ചിട്ടുണ്ടെന്ന് നിംഹാൻസ് പഠനത്തിൽ വ്യക്തമാക്കുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും മുന്നിലെത്തുന്ന കുട്ടികളെയാണ് പദ്ധതിയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

2024 25ൽ 50 ലേറെ വീതമാണ് ജില്ലയിലെ കാവൽ, കാവൽ പ്ലസ് പദ്ധതികളിലൂടെ സംരക്ഷണം നേടിയതെങ്കിൽ 2025 -26ൽ ഇതുവരെ അത് യഥാക്രമം 50 ലേറെ ആയി ഉയർന്നു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ എൻ.ജി.ഒകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കുറ്റാരോപിതരായ കുട്ടികളെ കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. ബംഗളൂരുവിലെ നിംഹാൻസിന്റെ സഹകരണവും പദ്ധതിക്കുണ്ട്.

സംസ്ഥാനത്ത് പദ്ധതി ആരംഭിച്ച 2016-17 കാലയളവിൽ ആകെ 346 കുട്ടികളാണ് കാവൽ പദ്ധതിക്ക് കീഴിൽ വന്നിരുന്നതെങ്കിൽ, എട്ട് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതി പ്രയോജനപ്പെടുത്തിയ കുട്ടികളുടെ എണ്ണം 5000 കടന്നു. 2018-19 ലാണ് പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.

കാവൽ

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കപ്പെടുന്ന കുട്ടികൾക്ക് ആദ്യം വിദഗ്ദ്ധ കൗൺസലിംഗ് നൽകും. ഇതിൽ ശാരീരികമായോ മാനസികമായോ പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളെ കാവൽ പദ്ധതിയുടെ ഭാഗമാക്കുകയും തുടർനടപടികൾക്കായി എൻ.ജി.ഒകളെ ചുമതലപ്പെടുത്തുകയും ചെയ്യും. കുടുംബത്തെ അടുത്തറിഞ്ഞ് അവരെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുടുംബമാണെങ്കിൽ അത് പരിഹരിക്കാനുള്ള നിർദേശങ്ങളും സഹായങ്ങളും നൽകും. കുട്ടികൾക്ക് വിദ്യാഭ്യാസ തൊഴിൽ പരിശീലനവും നൽകും. തുടർച്ചയായ മൂന്ന് വർഷമോ 21 വയസുവരെയോ ആണ് ഇത്തരം കുട്ടികളെ ഒപ്പം നിറുത്തുക.


പ്രധാന സേവനങ്ങൾ

##ലൈഫ് സ്‌കിൽ വിദ്യാഭ്യാസം

##വൊക്കേഷണൽ പരിശീലനം

##ഭവന സന്ദർശനം


കേസുകൾ


മോഷണം, അടിപിടി, മയക്കുമരുന്ന്, കൊലപാതക ശ്രമം, പോക്‌സോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ കേസുകളിൽപ്പെട്ട കുട്ടികളാണ് ഏറെയും.


കാവൽ പ്ലസ്


കാവലിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന പദ്ധതിയാണ് കാവൽ പ്ലസ്. അനാഥരായവർ, തെരുവിൽ കഴിയുന്നവർ, ബാലവേല, ബാല വിവാഹം എന്നിവയിൽ പെട്ടു പോയവർ, ലൈഗികാതിക്രമങ്ങൾക്ക് ഇരകളായവർ തുടങ്ങിയ കുട്ടികൾക്ക് പുനരധിവാസമാണ് ലക്ഷ്യം. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL