SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

മുന്നിൽ റീത്ത്, ഉള്ളിൽ കനൽ; കാനനയാത്ര അവസാനിപ്പിച്ച് ചീനിക്കാസ് മോട്ടോഴ്‌സ്!

photo

ചാലക്കുടി: വണ്ടിക്ക് മുന്നിൽ വലിയൊരു റീത്ത്, വശങ്ങളിൽ ഗതാഗത വകുപ്പിനോടുള്ള കടുത്ത അമർഷം രേഖപ്പെടുത്തിയ ബാനറുകൾ... ലാഭമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, പതിറ്റാണ്ടുകളായി മലയോര ജനതയുടെ പ്രധാന ആശ്രയമായിരുന്ന ചാലക്കുടി - വാൽപ്പാറ റൂട്ടിലെ സ്വകാര്യ ബസായ ചീനിക്കാസ് മേട്ടോഴ്‌സിന്റെ ട്രിപ്പ് അവസാനിച്ചത് വേറിട്ട രീതിയലാണ്.
ഇതോടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറ വഴിയുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ ഓർമ്മയായി.
കഴിഞ്ഞ രണ്ട് വർഷമായി ഈ റൂട്ടിൽ സർവീസുകൾ ലാഭത്തിലല്ലായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' ബസുകൾ രംഗത്തെത്തിയതാണ് സ്വകാര്യ ബസുകൾക്ക് കനത്ത തിരിച്ചടിയായത്. സ്വകാര്യ ബസുകളുടെ സമയത്തിന് അരമണിക്കൂർ മുമ്പാണ് കെ.എസ്.ആർ.ടി.സി സർവീസ്. കൺസെഷൻ ആനുകൂല്യങ്ങൾ ഉള്ളതിനാൽ സ്ത്രീ യാത്രക്കാരും അവരോടൊപ്പമുള്ള പുരുഷന്മാരും കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകൾ ആളില്ലാതെയായി. ദിവസേന അയ്യായിരത്തോളം രൂപയുടെ നഷ്ടമാണ് ഇവർക്ക്. പത്ത് ജീവനക്കാരുടെ വേതനം, ഡീസൽ ചെലവ്, ബസിന്റെ അറ്റകുറ്റപ്പണികൾ എന്നിവ കൂടിയായപ്പോൾ ഭീമമായ ബാധ്യതയായി


ഓർമ്മയാകുന്നത് 70 വർഷത്തെ ചരിത്രം

ഏതാണ്ട് എഴുപത് വർഷങ്ങൾക്ക് മുമ്പ് എ.ബി.ടി ട്രാൻസ്‌പോർട്ട് കമ്പനിയാണ് ചാലക്കുടിയിൽ നിന്നും തമിഴ്‌നാട്ടിലെ വാൽപ്പാറയിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ചത്. എ.ബി.ടി നിറുത്തിയതിന് ശേഷം മറ്റ് പലരും ഈ റൂട്ട് ഏറ്റെടുത്തു. കോവിഡ് കാലഘട്ടത്തിലാണ് ചീനിക്കാസ് മേട്ടോഴ്‌സ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. ചാലക്കുടിയിൽ നിന്ന് രാവിലെ 6.45ന് പുറപ്പെട്ട് 11.45ന് വാൽപ്പാറയിൽ എത്തുന്ന ഒന്നാമത്തെ ബസ്, തിരിച്ച് 12 മണിക്ക് പുറപ്പെട്ട് വൈകീട്ട് 5 ന് ചാലക്കുടിയിൽ തിരിച്ചെത്തും. രണ്ടാമത്തെ ബസ് രാവിലെ 7.30ന് വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് ചാലക്കുടിയിൽ നിന്ന് വീണ്ടും സർവീസ് ആരംഭിക്കുന്ന രീതിയിലായിരുന്നു സമയക്രമം.

പ്രതിസന്ധികളെയും വകഞ്ഞുമാറ്റി

ആനയും പുലിയും കാട്ടുപോത്തുകളും ഉയർത്തുന്ന ഭീഷണികളെയും വകഞ്ഞുമാറ്റിയാണ് കാനനപാതയിലൂടെ ബസുകൾ സർവീസ് നടത്തിയിരുന്നത്. മരക്കൊമ്പുകൾ വീണുണ്ടാകുന്ന തടസ്സങ്ങൾ പോലും ഡ്രൈവർ അനീഷും കണ്ടക്ടർ ജയകുമാറും ചേർന്ന് വെട്ടിമാറ്റി സർവീസ് മുടങ്ങാതെ നോക്കുമായിരുന്നു. സർവീസ് നിറുത്തിയതോടെ ഇവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയാണ്. ബസുടമകളും ജീവനക്കാരും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ എന്തെങ്കിലും ബദൽ സംവിധാനം സർക്കാർ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.


മറ്റ് റൂട്ടുകളിൽ സർവീസുകൾ ഉള്ളതുകൊണ്ടാണ് ഇത്രയും നാൾ നഷ്ടം സഹിച്ചത്. ഈ റൂട്ടിൽ വണ്ടി ഓടിച്ച് ഇനി മുന്നോട്ട് പോകാൻ കഴിയില്ല.
ടോജി വർഗീസ്
ബസുടമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL