SignIn
Kerala Kaumudi Online
Friday, 28 August 2026 11.29 AM IST

ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400നെ കണ്ടെത്താൻ പാകിസ്ഥാൻ ഇന്ത്യയിൽ ചാരന്മാരെ വിന്യസിച്ചു; വെളിപ്പെടുത്തലുമായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര

jeetendra-mishra
എയർ മാർഷൽ ജിതേന്ദ്ര മിശ്ര, എസ്-400 പ്രതിരോധസംവിധാനം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ അത്യാധുനിക എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ പാകിസ്ഥാൻ ചാരന്മാരെ നിയോഗിച്ചെന്ന വെളിപ്പെടുത്തലുമായി വെസ്റ്റേൺ എയർ കമാൻഡ് മുൻ മേധാവി എയർ മാർഷൽ ജിതേന്ദ്ര മിശ്ര. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് 200 കിലോമീറ്റർ പരിധിക്കുള്ളിലേക്ക് പാക് യുദ്ധവിമാനങ്ങൾ കടക്കാതെ തടഞ്ഞത് റഷ്യൻ നിർമിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനമായിരുന്നു. എസ്- 400 തങ്ങൾക്ക് ഭീഷണിയാണെന്ന് മനസിലാക്കിയ പാകിസ്ഥാൻ ഇവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ ഇന്ത്യയ്ക്കുള്ളിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും വിന്യസിച്ചതായി എയർ മാർഷൽ ജിതേന്ദ്ര മിശ്ര പറഞ്ഞു. അതിനായി മറ്റുചില വിദേശ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാന് സാറ്റ്‌ലൈറ്റ് സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ 25 ഇന്ത്യക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് ഏഴ്, എട്ട് തീയതികൾ ഇന്ത്യ നടത്തിയ ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനിലെ സാധാരണക്കാർക്ക് യാതൊരുവിധ നാഷനഷ്ടങ്ങളും സംഭവിക്കരുതെന്നും ഭീകരരെയും അവരുടെ സഹായികളെയും താവളങ്ങളെയും മാത്രം ലക്ഷ്യമിടണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നതായും ജിതേന്ദ്ര മിശ്ര പറ‌ഞ്ഞു. അതേസമയം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ കരുത്തിനെയും അദ്ദേഹം പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിരവധി വിദേശരാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താൽപ്പര്യം അറിയിച്ചുവെന്ന് അദ്ദേഹം പറ‌ഞ്ഞു. 2018-ൽ റഷ്യയുമായി ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാറിലൂടെയാണ് ഇന്ത്യ അഞ്ച് എസ്-400 സ്വന്തമാക്കിയത്. സുദർശൻ ചക്ര എന്ന പേരിൽ അറിയപ്പെടുന്ന എസ്-400 ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രതിരോധസംവിധാനമാണ്. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകൾ എന്നിവയെ വളരെ ദൂരത്തുവച്ചുതന്നെ കണ്ടെത്താനും തകർക്കാനും സാധിക്കുമെന്നതാണ് എസ്-400ന്റെ പ്രത്യേകത.

English Summary

Former Western Air Command Chief Air Marshal Jitendra Mishra revealed Pakistan deployed spies to locate India's advanced S-400 air defence systems during 'Operation Sindoor'. This espionage followed S-400's success in deterring Pakistani warplanes from Indian airspace. Mishra also highlighted increased international interest in India's indigenous BrahMos missiles after the operation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN SPIES S-400, OPERATION SINDOOR, AIR MARSHAL JEETENDRA MISHRA, S-400 AIR DEFENCE INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360