
ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്ക പരിഹാര ചർച്ചകളിൽ നിർണായക വഴിത്തിരിവ്. ബീജിംഗിൽ നടന്ന 25-ാം റൗണ്ട് പ്രത്യേക പ്രതിനിധിതല (എസ്.ആർ) ചർച്ചയിൽ സൈനികനയതന്ത്ര സഹകരണം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളും എട്ടിന ധാരണകളിൽ ഒപ്പുവച്ചു.ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന മണിക്കൂറുകൾ നീണ്ട ഉന്നതതല ചർച്ചയിലാണ് അതിർത്തിയിലെ പിരിമുറുക്കം ലഘൂകരിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രതിനിധിതല ചർച്ച ഇന്ത്യയിൽ
1. യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) ആശയവിനിമയം സുഗമമാക്കുന്നതിന് ഈസ്റ്റേൺ, മിഡിൽ സെക്ടറുകളിൽ രണ്ട് പുതിയ മിലിട്ടറി ഹോട്ട്‌ലൈൻ ചാനലുകൾ ആരംഭിക്കും.
2 കമാൻഡർതല യോഗങ്ങൾക്കായി രണ്ട് പുതിയ മീറ്റിംഗ് പോയിന്റുകൾ സജ്ജമാക്കും.
3. കൈലാസ് മാനസ് സരോവർ യാത്രയ്ക്കുള്ള ഇന്ത്യൻ തീർത്ഥാടകരുടെ ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചൈന സമ്മതിച്ചു. കൊവിഡിനും അതിർത്തി സംഘർഷങ്ങൾക്കും ശേഷം അടഞ്ഞുകിടന്ന മൂന്ന് പ്രധാന അതിർത്തി വ്യാപാര കേന്ദ്രങ്ങൾ ഔദ്യോഗികമായി പുനരാരംഭിച്ചു.
4. അതിർത്തി നിർണയത്തിനും സുരക്ഷാ പരിപാലനത്തിനുമായി പ്രത്യേക എക്സ്പർട്ട്, വർക്കിംഗ് ഗ്രൂപ്പുകൾ ഉടനടി പ്രവർത്തനം ആരംഭിക്കും.
5. 2005ലെ ഉഭയകക്ഷി തത്ത്വങ്ങൾ മുൻനിർത്തി അതിർത്തി തർക്കത്തിന് ന്യായവും പരസ്പരസമ്മതമുള്ളതുമായ ശാശ്വത പരിഹാരം കണ്ടെത്താൻ ചർച്ചകൾ തുടരും.
6. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള അതിർത്തി കടന്നൊഴുകുന്ന നദികളിലെ വിവര കൈമാറ്റവും കരാർ പുതുക്കലും സംബന്ധിച്ച വിദഗ്ധതല യോഗം വരുന്ന സെപ്റ്റംബറിൽ ചേരും.
7. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിറുത്താനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ നൽകിയ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കും.
8. അതിർത്തി തർക്ക പരിഹാരത്തിനായുള്ള 26-ാം റൗണ്ട് പ്രത്യേക പ്രതിനിധിതല ചർച്ച 2027ൽ ഇന്ത്യയിൽ വച്ച് നടക്കും.
2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത നയതന്ത്ര തടസങ്ങൾ നീക്കുന്നതിൽ ഈ ധാരണകൾ വലിയ മുന്നേറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |