
ബി.ജെ.പി ബംഗാൾ വിരുദ്ധമെന്ന് മമത
ന്യൂഡൽഹി: ബംഗാളിൽ രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂട് കൂടുന്നു. തിരഞ്ഞെടുപ്പ് അടുക്കുംതോറും രൂക്ഷമായി ബി.ജെ.പി- തൃണമൂൽ വാക്‌പോര്. മമതാ സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഇന്നലെ ആരോപിച്ചു. മുസ്ലീങ്ങൾക്ക് നമസ്‌കാരം നടത്താൻ അനുവാദമുണ്ട്. എന്നാൽ ഹിന്ദുക്കൾക്ക് പൂജാ പന്തലുകൾ സ്ഥാപിക്കാൻ അനുവാദം തേടണമെന്നും അവർ ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊൽക്കത്തയിലെത്തിയ നിതിൻ ചരിത്രപ്രസിദ്ധമായ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
പിന്നാലെ വടക്കൻ ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു.
ബി,ജെ,പി ബംഗാളി വിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ചു. 'യഥാർത്ഥ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ ഗുരുതരമായ ആശങ്കകളുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിയെയും സുതാര്യതയെയും കുറിച്ച് ആശങ്കയുയർത്തുന്നു. സ്വത്വത്തെയും പൗരത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ആരെയാണ് നിയമാനുസൃത ഇന്ത്യൻ വോട്ടറായി അംഗീകരിക്കുന്നത്, എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇതിന് ഉത്തരം നൽകാൻ ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ബംഗാൾ വിരുദ്ധ പാർട്ടിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ബംഗാളികളെ അവർ മർദ്ദിക്കുന്നു. ഇന്ന് വോട്ടവകാശം കവർന്നെടുക്കുകയാണ്. നാളെ എൻ.ആർ.സി വഴി പൗരത്വം കവർന്നെടുക്കും "- മമത പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ എന്ന മമതയുടെ പരാമർശം വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |