
തീ കണ്ടത് ടേക്ക് ഓഫിനൊരുങ്ങവേ, തിരക്കിൽ ആറ് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നത് ഏറെ നേരം ആശങ്ക പടർത്തി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഡൽഹി-സൂറിക്ക് വിമാനം ടേക്ക് ഓഫിനൊരുങ്ങവേയാണ് പൈലറ്റുമാർ തീ കണ്ടത്. ഉടൻ പറക്കൽ റദ്ദാക്കി. എമർജൻസി വാതിലിലൂടെ പുറത്തിറക്കുന്നതിനിടെ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു ജീവനക്കാരി അടക്കം ആറുപേർക്ക് പരിക്കേറ്റു.
എൽ.എക്സ് 147-ാം നമ്പർ എയർബസ് വിമാനത്തിനാണ് അപകടമുണ്ടായത്. റൺവേയിലൂടെ അതിവേഗത്തിൽ നീങ്ങവേ എൻജിനുകളിലൊന്ന് തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. 232 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 28-ാം നമ്പർ റൺവേ ഉടൻ അടച്ച് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് റീബുക്കിംഗും താമസ സൗകര്യവും ഏർപ്പെടുത്തിയെന്ന് സ്വിസ് എയർലൈൻസ് അറിയിച്ചു. അപകടകാരണമറിയാൻ എയർലൈൻസ് സാങ്കേതിക വിദഗ്‌ദ്ധർ ഡൽഹിയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |