
ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ നിലവിലെ മുന്നണി സമ്പ്രദായത്തിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇപ്പോൾ തന്നെ ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ഡി.എം.കെയോടുള്ള അസ്വാരസ്യം കോൺഗ്രസും സി.പി.എമ്മും പരസ്യമാക്കി.
എക്സിറ്റ് പോൾ ഫലങ്ങളിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകും, ഡി.എം.കെയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല എന്നൊക്കെയുള്ള പ്രവചനങ്ങൾ വന്നതോടെയാണ് ഈ ചാഞ്ചാട്ടം പരസ്യമായത്. ഡി.എം.കെ നയിക്കുന്ന മുന്നണി അധികാരത്തിൽ വന്നാലും മന്ത്രി സ്ഥാനം ഘടകകക്ഷികൾക്ക് നൽകുന്ന പതിവില്ല. കോൺഗ്രസ് ഇത്തവണ ഭരണ പങ്കാളിത്തെം ആവശ്യപ്പെട്ടെങ്കിലും ഡി.എം.കെ അംഗീകരിച്ചിട്ടില്ല. ഇടതു പാർട്ടികളെ ഡി.എം.കെ അംഗീകരിച്ചില്ലെന്ന് സി.പി.എം പി.ബി അംഗം കെ ബാലകൃഷ്ണൻ വിമർശിച്ചു. കഴിഞ്ഞ തവണ ആറു സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് ഇത്തവണ അഞ്ച് സീറ്റിലേക്ക് ഡി.എം.കെ ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു.
118 സീറ്റുകളാണ് തമിഴ്നാട്ടിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത്. ഡി.എം.കെ ഒറ്റയ്ക്ക് ഈ സംഖ്യ പിന്നിടാതിരിക്കുകയും ടി.വി.കെ നൂറിനോടുടുത്ത് സീറ്റുകളിലെക്ക് കുതിപ്പ് നടത്തുകയും ചെയ്താൽ കളിമാറും. മന്ത്രി സ്ഥാനം കിട്ടുന്നിടിത്തേക്ക് കോൺഗ്രസ് പോകും. ടി.വി.കെയ്ക്ക് ഒപ്പം നിന്നാൽ പാർട്ടികൾക്ക് ഭരണ പങ്കാളിത്തം നൽകുമെന്ന് ആദ്യ സമ്മേളത്തിൽ തന്നെ വിജയ് പ്രഖ്യാപിച്ചതാണ്. ഭരണത്തുടർച്ചയ്ക്ക് മറ്റ് പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടി വന്നാൽ ഡി.എം.കെ അതിനു വഴങ്ങേണ്ടി വരും.
എൻ.ഡി.എയിൽ നിലവിൽ പ്രശ്നമില്ലെങ്കിലും കേവലഭൂരിപക്ഷം മുന്നണിക്ക് കിട്ടുന്ന നില വന്നാൽ എല്ലാ കക്ഷികൾക്കും മന്ത്രി സ്ഥാനം നൽകാൻ അണ്ണാ ഡി.എം.കെ നിർബന്ധിതമാകും. ഭരണ പങ്കാളിത്തം നേരത്തെ ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടി എടപ്പാടി പളനിസാമി നിരസിച്ചതാണ്. പുതിയ സാഹചര്യത്തിൽ എതിർപ്പ് തുടരാനിടയില്ല.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത നില വന്നാൽ ഏതു പാർട്ടി എങ്ങോട്ടു ചേരുമെന്ന് പറയാനാകില്ല. അതുവരെയുള്ള നിലപാടൊക്കെ നാലാക്കി മടക്കി വച്ച് അധികാരിത്തിന്റെ പുറകെ പോകാൻ മടിയില്ലാത്തവരാണെന്ന് പ്രമുഖ പാർട്ടികളുൾപ്പെടെ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |