
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുന്നതിൽ മാറിമാറി വന്ന സർക്കാരുകൾ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതു തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമാണ്. ആര് അധികാരത്തിൽ വന്നാലും സ്ഥിതിക്ക് മാറ്റമില്ല. രാജ്യത്തിന് നിർഭാഗ്യകരമാണിതെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ കാണിക്കുന്ന വേഗത ജഡ്‌ജിമാരുടെ നിയമനക്കാര്യത്തിൽ വേണമെന്നും അഭിപ്രായപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ,അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവരാണ് ഹർജിക്കാർ. നിയമഭേദഗതി പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയതാണ് സെലക്ഷൻ കമ്മിറ്റി. എന്നാൽ, ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജികളിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |