
ന്യൂഡൽഹി: പുതിയ ബി.ജെ.പി സർക്കാരിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിംഗ്. ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ളർക്കുമാർക്കായി (റൈറ്റർമാർ) 1777ൽ നിർമ്മിച്ച റൈറ്റേഴ്സ് ബിൽഡിംഗായിരുന്നു ബംഗാളിന്റെ അധികാരകേന്ദ്രം. 2013ൽ മുഖ്യമന്ത്രി മമത പുതിയ സെക്രട്ടേറിയറ്റ് മന്ദിരമായ നബാന്നയിലേക്ക് മാറിയതോടെ റൈറ്റേഴ്സ് ബിൽഡിംഗ് വിസ‌്‌മൃതിയിലൊതുങ്ങി.
ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി റൈറ്റേഴ്‌സ് ബിൽഡിംഗിന്റെ അനുബന്ധ കെട്ടിടത്തിലുള്ള താത്കാലിക ഓഫീസിലാകും ചുമതലയേൽക്കുക. നവീകരണ പ്രവൃത്തി കാരണം ആദ്യ മന്ത്രിസഭാ യോഗം ഹൗറയിലെ നബാന്നയിൽ ചേരും. അധികാരത്തിലെത്തിയാൽ റൈറ്റേഴ്സ് ബിൽഡിംഗിന്റെ പ്രതാപം പുനഃസ്ഥാപിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
പത്ത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന റൈറ്റേഴ്‌സിന്റെ പ്രധാന ബ്ലോക്കിന്റെ നവീകരണത്തിന് കുറഞ്ഞത് എട്ട് മാസം വരെ സമയമെടുക്കും. 2013ന് ശേഷം നവീകരണം ഇഴഞ്ഞാണ് നീങ്ങിയത്. ഇത് പൂർത്തിയായാൽ സെക്രട്ടേറിയറ്റ് ഇങ്ങോട്ടു മാറ്റും. അതുവരെ നബന്നയിൽ പ്രവർത്തിക്കും. ബ്രിട്ടീഷ് തലസ്ഥാനമായ കൊൽക്കത്തയിലെ പ്രധാന കെട്ടിടം പിന്നീട് ബംഗാൾ പ്രസിഡൻസി, ബംഗാൾ പ്രവിശ്യ ഭരണങ്ങൾക്കും സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കും സാക്ഷിയായി. സ്വാതന്ത്ര്യത്തിന് ശേഷം ബംഗാൾ സർക്കാരിന്റെ സെക്രട്ടേറിയറ്റായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |