
വിജയ് എം.ജി.ആറിനെക്കാൾ നേട്ടം സ്വന്തമാക്കി
ചെന്നൈ: 'വിജയ്‌യോട് അസൂയയില്ല. താൻ രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കിൽ നൂറ് ശതമാനം വിജയിക്കുമായിരുന്നു"-
വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ ശ്രമിച്ചെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ സൂപ്പർതാരം രജനികാന്ത് മൗനം വെടിഞ്ഞു. വിജയ്‌യുടെ മുഖ്യമന്ത്രി നീക്കം തടയാൻ ഡി.എം.കെ, അണ്ണാ ഡി.എം.കെ സഖ്യസർക്കാരുണ്ടാക്കാൻ രജനികാന്ത് മുൻകൈയെടുത്തെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തുടർന്ന് ഇന്നലെ ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ രജനി അസാധാരണ വാർത്താസമ്മേളനം വിളിച്ചുകൂട്ടുകയായിരുന്നു.
'സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച വിജയ്‌യുടെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടയിടാനോ പാർട്ടികൾ ലയിപ്പിക്കാനോ ഉള്ള ശ്രമമായിരുന്നില്ല.
വിജയ്‌യുമായി 25 വർഷത്തെ തലമുറ വ്യത്യാസമുണ്ട്. ചെറുപ്പത്തിലേ ഇതിഹാസങ്ങളായ എം.ജി.ആറിനെക്കാളും എൻ.ടി.ആറിനെക്കാളും നേട്ടങ്ങൾ വിജയ് സ്വന്തമാക്കി. തമിഴ്, തെലുങ്ക് സൂപ്പർ താരങ്ങളായിരുന്ന എം.ജി.ആറും എൻ.ടി.ആറും യഥാക്രമം തമിഴ്നാടിന്റെയും അന്നത്തെ ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിമാരായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് ഞാൻ രാഷ്ട്രീയത്തിലിറങ്ങാതിരുന്നത്. ആരാധകർക്ക് ഇഷ്ടമുള്ള പാർട്ടിയെ പിന്തുണയ്ക്കാം. പ്രവർത്തിച്ചുതെളിയാൻ വിജയ്‌ക്ക് രണ്ടുവർഷം അനുവദിക്കണം" -രജനി പറഞ്ഞു.
വിമാനത്താവളത്തിൽ വച്ച് വിജയ്‌യെക്കുറിച്ച് അഭിപ്രായം ചോദിച്ചയാൾ മാദ്ധ്യമ പ്രവർത്തകനായിരുന്നില്ല. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. കീഴ്‌വഴക്കമെന്ന പേരിൽ വിജയ്‌യെ ഉടൻ കാണില്ലെന്നും രജനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |