
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷ കൃഷ്ണനെയും ചൊല്ലിയുള്ള തർക്കമാണിപ്പോൾ വാർത്ത.
കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.
ഇതിനിടെ നടി തൃഷയുടെ ഫോട്ടോ വയ്ക്കണമെന്ന് സ്വതന്ത്ര കൗൺസിലർ മെയ്യാർ ആവശ്യപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായതിൽ തൃഷയ്ക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ ഫോട്ടോ വയ്ക്കണമെന്നും വാദിച്ച ഇയാൾ തൃഷ ഭാവി മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.
ഇതുകേട്ട് ആദ്യം എല്ലാവരും ചിരിച്ചെങ്കിലും പിന്നീട് വലിയ വാക്കുതർക്കമായി. തമിഴ്നാട്ടിലെ വിവിധ കോർപ്പറേഷനുകളിൽ മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോയും വച്ചിട്ടുണ്ടെന്നും എം.കെ സ്റ്റാലിന്റെ ഫോട്ടോ വയ്ക്കണമെന്നും ഡി.എം.കെ കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഇതോടെ അണ്ണാ ഡി.എം.കെ കൗൺസിലർമാർ പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രിമാരായ ജയലളിത, എടപ്പാടി കെ. പളനിസാമി എന്നിവരുടെ ചിത്രങ്ങൾ ഹാളിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർ കൊണ്ടുവന്ന ചിത്രങ്ങൾ വയ്ക്കുകയും ചെയ്തു. ഇതോടെ ഡി.എം.കെ നേതാവും ഡെപ്യൂട്ടി മേയറുമായ ഗുണശേഖരനും മറ്റ് കൗൺസിലർമാരും ചേർന്ന് എം.കെ സ്റ്റാലിന്റെ ചിത്രവും തൂക്കി. ആകെ ബഹളമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |