SignIn
Kerala Kaumudi Online
Sunday, 26 April 2026 11.03 AM IST

സഞ്ജുവില്ലാത്ത രാജസ്ഥാനിൽ വിസ്മയമാകാൻ വൈഭവ്

Increase Font Size Decrease Font Size Print Page
rajasthan-royals

കഴിഞ്ഞ അഞ്ചുസീസണുകളിൽ നയിച്ച സഞ്ജു സാംസൺ പടിയിറങ്ങിയ രാജസ്ഥാൻ റോയൽസിന് ആ കുറവ് പരിഹരിക്കാൻ ഈ സീസണിൽ കഴിയുമോ ?. സ്ഥിരം ക്യാപ്ടനായി അരങ്ങേറുന്ന റിയാൻ പരാഗിന് ടീമിന്റെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാനാകുമോ ? ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗിന് കീഴിൽ രാജസ്ഥാൻ സഞ്ജുവിന്റെ ചെന്നൈയെ നേരിടാനിറങ്ങുമ്പോൾ ആരാധകരുടെ ആകാംക്ഷയേറ്റുന്ന ചോദ്യങ്ങളിതാണ്.

കഴിഞ്ഞ സീസണിൽ പരാഗിനെ ക്യാപ്ടനാക്കാനുള്ള ടീം മാനേജ്മെന്റിന്റെ താത്പര്യങ്ങളാണ് സഞ്ജുവിനെ രാജസ്ഥാനിൽ നിന്ന് പടിയിറങ്ങുന്നതിലേക്ക് നയിച്ചത്. എട്ടു സീസണുകൾ കളിച്ച ടീമിൽ നിന്ന് മനോവേദനയോടെ സഞ്ജു മാറിയത്. താരലേലത്തിന് മുമ്പ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്സിന് കൈമാറിയ രാജസ്ഥാൻ റോയൽസ് അവിടെനിന്ന് പകരം രവീന്ദ്ര ജഡേജയേയും സാം കറാനെയും സ്വന്തമാക്കുകയും ചെയ്തു. യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ, വൈഭവ് സൂര്യവംശി, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡേ,ജൊഫ്ര ആർച്ചർ,ഷിമ്രോൺ ഹെറ്റ്മേയർ,ക്വേന മഫാക്ക,നാൻദ്രേ ബർഗർ തുടങ്ങിയ കഴിഞ്ഞ സീസണിലെ താരങ്ങളെ നിലനിറുത്തിയിട്ടുണ്ട്. നിതീഷ് റാണയെ കൈമാറി ഡൽഹി ക്യാപ്പിറ്റൽസിൽ നിന്ന്

ഡൊണോവൺ ഫെരേരയെയും സ്വന്തമാക്കിയിട്ടുണ്ട്.

വിസ്മയമാകാൻ വൈഭവ്

ബാറ്റിംഗിൽ സഞ്ജുവിന്റെ വിടവ് ആരുനികത്തും എന്ന ചോദ്യത്തിന് രാജ്യസ്ഥാൻ കരുതിവയ്ക്കുന്ന ഉത്തരമാണ് വൈഭവ് സൂര്യവംശിയെന്ന ഇന്ന് 15 വയസ് തികയുന്ന വിസ്മയതാരം. കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാനുവേണ്ടി അരങ്ങേറിയ വൈഭവ് സമീപകാലത്ത് നടന്ന അണ്ടർ 19 ലോകകപ്പിൽ തകർപ്പൻ സെഞ്ച്വറിയുമായി ലോക ശ്രദ്ധ പിട‌ിച്ചുപറ്റിയിരുന്നു. തന്റെ ആദ്യ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റാൻസിനെതിരെ 35 പന്തുകളിൽ സെഞ്ച്വറിനേടിയ വൈഭവ് ഇക്കുറി ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ക്രിസ് ഗെയ്ലിന്റെ (175) റെക്കാഡ് തകർക്കണമെന്ന ആവേശത്തിലാണ്. 15 വയസ് തികയാത്തിനാൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെടാതിരിക്കുന്ന വൈഭവ് ഈ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ആ സ്വപ്നവും സഫലമാക്കും. 2027ലെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ വൈഭവിനെ പരിഗണിക്കാനുള്ള സാദ്ധ്യത ഈ ഐ.പി.എല്ലിലൂടെയാണ് തെളിയേണ്ടത്.

ആൾറൗണ്ട് കരുത്ത്

ജഡേജയും കറനും പിന്നാലെ പി.എസ്.എൽ വിട്ട് ദാസുൻ ഷനകയും കൂടി വന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ആൾറൗണ്ട് കരുത്ത് വർദ്ധിച്ചിട്ടുണ്ട്.വൈഭവും യശസ്വിയും പരാഗും ഹെറ്റ്മേയറും നേതൃത്വം നൽകുന്ന ബൗളിംഗ് നിരയും ആൾറൗണ്ടർമാരും ചേർന്ന് മികച്ച സ്കോറുകൾ ഉയർത്തിയാൽ പ്രതിരോധിക്കാൻ കഴിയുന്നതാണ് ജൊഫ്ര ആർച്ചറുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര. ആദം മിൽനേ,നാൻദ്രേ ബർഗർ തുടങ്ങിയ വിദേശപേസർമാർക്കൊപ്പം സന്ദീപ് ശർമ്മയും തുഷാർ ദേശ്പാണ്ഡേയുമുണ്ട്.

വിഘ്നേഷ് മലയാളിത്തിളക്കം

സഞ്ജു പോയെങ്കിലും റോയൽസിന്റെ മലയാളി കണക്ഷൻ പുതുക്കാൻ വിഘ്നേഷ് പുത്തൂർ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായി അരങ്ങേറി അപ്രതീക്ഷിത മികവ് പുറത്തെടുത്ത ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷിനെ 30 ലക്ഷം രൂപയ്ക്കാണ് ഇക്കുറി രാജസ്ഥാൻ റാഞ്ചിയത്.

സ്ക്വാഡ്

റിയൻ പരാഗ് (ക്യാപ്ടൻ),ശുഭം ദുബെ,അമൻ റാവു,യശസ്വി ജയ്സ്വാൾ, ഷിമ്രോൺ ഹെറ്റ്മേയർ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേൽ, ലുവാൻ ഡി പ്രിട്ടോറിയസ്,രവി സിംഗ്, രവി ബിഷ്ണോയ്,രവീന്ദ്ര ജഡേജ, സാം കറൻ, ദാസുൻ ഷനക, ഡൊണോവൻ ഫെരേര,ജൊഫ്ര ആർച്ചർ,ബ്രിജേഷ് ശർമ്മ,ആദം മിൽനേ,നാൻദ്രേ ബർഗർ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡേ, വിഘ്നേഷ് പുത്തൂർ,ഖ്വേന മഫാക്ക, സുശാന്ത് മിശ്ര,കുൽദീപ് സെൻ,യഷ്‌രാജ് പുഞ്ച,യുദ്ധ്‌വീർ സിംഗ്.

പരിശീലക സംഘം

ഹെഡ് കോച്ച് & ഡയറക്ടർ : കുമാർ സംഗക്കാര

ബൗളിംഗ് കോച്ച് : ഷേൻ ബോണ്ട്

ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ

സഹ പരിശീലകൻ : ട്രെവോർ പെന്നി

ആദ്യ മത്സരം

മാർച്ച് 30, Vs ചെന്നൈ സൂപ്പർ കിംഗ്സ്

TAGS: NEWS 360, SPORTS, RAJASTHAN ROYALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY