SignIn
Kerala Kaumudi Online
Sunday, 30 August 2026 12.49 AM IST

മഴയില്ല, എന്നിട്ടും... നിസാരമല്ല കാലാവസ്ഥാ വ്യതിയാനം

d

കാഠ്മണ്ഡു: ഒരു തുള്ളി മഴയോ, കാറ്റോ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് നേപ്പാളിൽ പ്രകൃതി സംഹാര താണ്ഡവമാടിയത്. പലരെയും അദ്ഭുതപ്പെടുത്തിയതും ഇതുതന്നെ. വർഷങ്ങൾക്ക് മുമ്പേ ശാസ്ത്രജ്ഞർ ഇത്തരം ദുരന്തങ്ങൾ പ്രവചിച്ചതാണ്. ആഗോള താപനമാണ് പ്രധാന വില്ലൻ.

ലാങ്ടാങ്ങ് ലിറംഗ് കൊടുമുടിക്ക് സമീപം 4,000 അടി ഉയരത്തിൽ നിന്ന് ഭീമൻ ഹിമാനി അടർന്നുമാറി ലെൻഡെ ഖോല നദിയിലേക്ക് പ്രവഹിച്ചതാണ് മിന്നൽ പ്രളയത്തിന് കാരണം. ഹിമാനിയുടെ തകർച്ചയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പഠനങ്ങൾ തുടരുകയാണെങ്കിലും പ്രകൃതിയിൽ തന്നെയുള്ള സ്വാഭാവിക ഘടകങ്ങളാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

# ചൂട് കൂടി, മഞ്ഞുരുകുന്നു

 ആഗോള താപനം - ഹിമാലയൻ മേഖലയിൽ ചൂട് കൂടുന്നു. മഞ്ഞ് വേഗത്തിൽ ഉരുകി ഹിമാനികൾ ദുർബലമാകാൻ ഇടയാക്കുന്നു. ഹിമാനിയുടെ ഒരുഭാഗം മഞ്ഞുരുകൽ മൂലം ദുർബലമാകുമ്പോൾ, ഭാരമേറിയ ഭാഗം അടർന്നുമാറി താഴേക്ക് പതിക്കാം


 പെർമാഫ്രോസ്റ്റ് ഉരുകൽ - മഞ്ഞുമലകളിൽ പാറകളെയും മണ്ണിനെയും ഉറപ്പിച്ചുനിറുത്തുന്നത് 'പെർമാഫ്രോസ്റ്റ് ' ആണ്. വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിലുള്ളതുമായ മണ്ണിന്റെ പാളിയാണിത്. മണ്ണും മഞ്ഞും ഇടകലർന്ന ഭാഗം. ചൂടുകൂടി ഇത് ദുർബലമാകുന്നത് പാറകൾ ഇളകി മാറാൻ ഇടയാക്കും


 മൺസൂൺ - ദുരന്തമുണ്ടായപ്പോൾ നേപ്പാളിൽ മഴയില്ലായിരുന്നെങ്കിലും മുമ്പുള്ള ആഴ്ചകളിൽ ഇവിടെ മൺസൂൺ മഴ ശക്തമായിരുന്നു. വെള്ളം മഞ്ഞുപാളികളിലെ വിള്ളലുകളിൽ കടന്ന് ശക്തമായ സമ്മർദ്ദം ചെലുത്തിയിരിക്കാം. ഹിമാനി തകർന്നപ്പോഴുണ്ടായ പടുകൂറ്റൻ ഐസുകട്ടകളും പാറയും വെള്ളവും ലെൻഡെ ഖോല താഴ്‌വരയിലേക്കും തുടർന്ന് ലെൻഡെ ഖോല നദിയിലേക്കുമാണ് വീണത്. മൺസൂൺ മൂലം ലെൻഡെ ഖോല താഴ്‌വര ഇതിനോടകം ചെളിനിറഞ്ഞ് വെള്ളം കയറിയ അവസ്ഥയിലായിരുന്നു


 ഗ്ലോഫ് - ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്. ഹിമാനി ഉരുകുന്നത് മൂലം താഴ്‌വരകളിൽ രൂപപ്പെടുന്ന തടാകങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം. ഇത്തരം തടാകങ്ങളെ ഒരു ഡാം പോലെ തടഞ്ഞുനിറുത്തുന്നത് ഹിമാനിയിൽ നിന്നുള്ള മണ്ണും പാറും മഞ്ഞുക്കട്ടകളും ആയിരിക്കും. സമ്മർദ്ദം ശക്തമാകുന്നതോടെ ( മഞ്ഞിടിച്ചിൽ, മഞ്ഞുരുകൽ, ഭൂകമ്പം, മഴ തുടങ്ങിയവ കാരണമാകാം ) ഇവ തകർന്ന് വെള്ളം താഴ്‌വരയിലെ നദികളിലേക്ക് ഇരച്ചുകയറി മിന്നൽ പ്രളയം സൃഷ്ടിക്കും

# ഹിമാലയം ഉയരുന്നു


ഭൂഖണ്ഡ ഫലകങ്ങൾ തമ്മിൽ ഇടിക്കുന്നത് മൂലം ഹിമാലയൻ നിരകൾ സാവധാനം മുകളിലേക്ക് ഉയരുന്നുണ്ട്. ഇത് ഹിമാനികൾ കൂടുതൽ ചെങ്കുത്താകാനും അവ അടർന്നുമാറാനും ഇടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360