
ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്. 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വൈദ്യുതി പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.
റസുവയിലെ ജലവൈദ്യുത പദ്ധതി മേഖലയിൽ നിന്ന് നാല് ഇന്ത്യക്കാരെ ഇന്നലെ രക്ഷപ്പെടുത്തി. ആകെ 88 ഇന്ത്യക്കാരെ രക്ഷിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ചൈന ഭാഗത്ത് കുടുങ്ങിയ 120 ഇന്ത്യക്കാർ നേപ്പാളിലെത്തിയത് ആശ്വാസമായി. 704 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മരണസംഖ്യ വർദ്ധിച്ചേക്കും. മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് ഡി.എൻ.എ പരിശോധനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇന്ത്യയിലെ ഫോറൻസിക് സംഘങ്ങൾ കാഠ്മണ്ഡുവിലെത്തി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബീഹാറിലെയും മേഖലകളിൽ ഗണ്ഡക് നദിയിലൂടെ 30ൽപ്പരം മൃതദേഹങ്ങൾ ഒഴുകിയെത്തി.
കനത്തമഴയിലും
രക്ഷാപ്രവർത്തനം
റസുവ അടക്കം ദുരന്തമേഖലകളിൽ കനത്ത മഴ ഇടയ്‌ക്കിടെ പെയ്യുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായി. ത്രീശൂലിൽ ഇടയ്‌ക്ക് രക്ഷാപ്രവർത്തനം നിറുത്തിവച്ചു. 5000ൽപ്പരം നേപ്പാൾ കരസേനാംഗങ്ങൾ അടക്കം 15,000ൽപ്പരം സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഭോട്ടെകോശി നദിയിൽ ജലനിരപ്പ് ഉയരുന്നതും നേപ്പാൾ-ചൈന അതിർത്തിയിൽ രണ്ടു പുതിയ തടാകങ്ങൾ രൂപപ്പെട്ടതും വീണ്ടും പ്രളയമുണ്ടാകുമോയെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. 170ൽപ്പരം വിദേശികൾ അടക്കം 4450ൽപ്പരം പേരെ രക്ഷിച്ചുവെന്ന് നേപ്പാൾ അധികൃതർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |