വീടുവയ്ക്കുമ്പോൾ പലപ്പോഴും പാളിപ്പോകുന്ന വലിയൊരു പ്രശ്നമാണ് കട്ടിളയും ജനാലയും അതിന് ഉപയോഗിക്കുന്ന തടിയും. പലരും ഇതിൽ അത്ര ശ്രദ്ധ കൊടുക്കാറില്ല,. അത് പക്ഷേ വാസ്തുദോഷം വിളിച്ചുവരുത്താറുണ്ട്. മജ്ജയും മാംസവും അസ്ഥിയും പോലെയാണ് വീടിനായി നിർമ്മിക്കാനുപയോഗിക്കുന്ന കട്ടകളും കല്ലും മരവും. കട്ടകളും കല്ലും മാംസമെങ്കിൽ അതുറപ്പിക്കുന്ന സിമന്റോ മിശ്രിതമോ മജ്ജയാവും. കട്ടിളകളും ജനാലകളും കതകിന് ഉപയോഗിക്കുന്ന തടികളുമാണ് അസ്ഥി. മരങ്ങൾക്ക് പിരിയൻ രൂപമാണുള്ളത്.പിരിയൻ രൂപം പ്രപഞ്ചസത്യമാണ്. ആ തത്വം വീടുകളിലേയ്ക്ക് കൊണ്ടുവരണമെങ്കിൽ മരങ്ങൾ വീടിനുള്ളിൽ പരമാവധി വിന്യസിക്കപ്പെടണം. ഇപ്പോഴത്തെ വീടുകളിൽ പലവിധ ലാഭങ്ങൾ നോക്കി മരത്തിന് വളരെ പ്രാധാന്യം കുറയ്ക്കുന്നുണ്ട്, അത് പാടില്ല.
കോൺക്രീറ്റ് വരുന്നതിന് മുൻപുള്ള പഴയ കാല നിർമ്മാണങ്ങൾ ഇന്നും നാട്ടിലുണ്ട്. അത് പരിശോധിച്ചാൽ ഇന്നത്തെ ബീമിനു പകരം വീട്ടിയോ, ആഞ്ഞിലിയോ, പ്ലാവോ വലിയ കഷണമാക്കി ഉപയോഗിച്ചിട്ടുള്ളത് കാണാം. കൂടാതെ മിക്ക വീടുകൾക്കും തടികൊണ്ടൊരു തട്ടിൻ പുറവും ഓടും കാണാമായിരുന്നു. വലിയ കെട്ടിടങ്ങൾക്കു പോലും ഓട് ഒരു നിർബന്ധിത നിർമ്മാണ സാമഗ്രിയുമായിരുന്നു. ഏതു മരമാണോ കട്ടിളയ്ക്ക് ഉപയോഗിക്കുന്നത് ആ മരം തന്നെ വേണം കതകിനും ജനൽ പാളികൾക്കും ഉപയോഗിക്കാൻ. പല വീടുകളിലും ഇതു ചെയ്യാറില്ല. 90 ശതമാനം വീടുകളിലും കട്ടിളയും ജനാലയും വെവ്വേറെ മരങ്ങളിലാണ് ചെയ്യുന്നത്. വ്യത്യസ്തമായ മരങ്ങൾ ഉപയോഗിക്കുമ്പോൾ അവിടെ വിപരീത ഊർജ്ജങ്ങളുണ്ടാവും.
ഉദാഹരണത്തിന് കട്ടിള പ്ലാവും കതക് തേക്കുമായാലോ? തേക്കിലും പ്ലാവിലും സൃഷ്ടിക്കപ്പെടുന്നത് രണ്ട് തരം ഊർജ്ജമാണ്. രണ്ടുതരം ഊർജ്ജം വിപരീതഫലമുണ്ടാക്കാം. മറിച്ച് പ്ലാവിന്റെ തടിതന്നെ കതകിനും ഉപയോഗിച്ചാൽ അത് ഒരു ഊർജ്ജം കൃത്യമായി രൂപപ്പെടാനും ഒരേ അളവിൽ ഊർജ്ജ വിതരണം പൂർത്തിയാവാനും ഇടയാവും. അപ്പോൾ അനുകൂല ഊർജ്ജങ്ങളാവും വീടാകെ പ്രസരിക്കപ്പെടുക. മരങ്ങളെ വീടിന് ഉപയോഗിക്കുന്നത് അതിന്റെ ജനാലകൾക്കും കട്ടിളയ്ക്കും വെന്റിലേറ്ററിനും ഡ്രസ് ഏരിയയ്ക്കും പാനലിനുമൊക്കെയാവും. വീടിനുള്ളിലുള്ള വലിയ ഊർജ്ജങ്ങൾ അഥവാ സൂത്രങ്ങൾ ഈ കട്ടിളയിലൂടെയും ജനാലയിലൂടെയും വേണം പരമാവധി കടത്തിവിടാൻ. ഭിത്തികളിൽ പ്രത്യേക ദ്വാരമുണ്ടാക്കി വിടുന്നതിനേക്കാൾ ഏറ്റവും ശരിയായ രീതി കട്ടിളയിലൂടെയോ ജനാലയിലൂടെയോ വിടുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |