SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.24 AM IST

ഹാട്രിക്കടിക്കാൻ സൂപ്പർസ്റ്റാർ ബാലയ്യ

s

''ബാലയ്യയ്ക്ക് ഒറ്റ നോട്ടം മതി എല്ലാം തകർക്കാൻ. കണ്ണുചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും. 30 അടി ഉയരത്തിൽ പറക്കും. ഇതൊന്നും രജനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സൽമാൻ ഖാനുപോലും ചെയ്യാനാകില്ല. ഞങ്ങൾ ചെയ്താൽ പ്രേക്ഷകർ വിശ്വസിക്കില്ല"". നന്ദമൂരി ബാലകൃഷ്ണയെ വേദിയിലിരുത്തി സൂപ്പർസ്റ്റാർ രജനികാന്ത് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് ഈ വാക്കുകൾ കേട്ട് ഒട്ടും അതിശയോക്തി തോന്നില്ല. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും ബാലകൃഷ്ണ എന്തും ചെയ്യും!

സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും വെട്ടിത്തിളങ്ങിയ എൻ.ടി.രാമറാവുവിന്റെ മകൻ മൂന്നാം വട്ടവും പിതാവ് സ്ഥാപിച്ച തെലുങ്കുദേശം പാർട്ടിയെ പ്രതിനിധീകരിച്ച് ആന്ധ്രയിലെ ഹിന്ദുപ്പൂർ നിയമസഭ മണ്ഡലത്തിൽ ജനവിധി തേടുകയാണ്. കഴിഞ്ഞ രണ്ടുതവണയും ആകെ വോട്ടിന്റെ പകുതിയിലേറെ നേടി ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇക്കുറിയും 'പുഷ്പംപോലെ" ജയിക്കുമെന്നാണ് ബാലയ്യയുടെ ആരാധകർ പറയുന്നത്.

സുഗുരു ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം ഭാര്യ വസുന്ധരയ്ക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുമൊപ്പം റാലിയായാണ് ബാലകൃഷ്ണ റവന്യു ഡിവിഷണൽ ഓഫീസിലെത്തി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ടി.ഡി.പി, ബി.ജെ.പി, ജെ.എസ്.പി പ്രവർത്തകർ റാലിയിൽ അണിനിരന്നു. ആരാധകർ 'ജയ് ബാലയ്യ" മുദ്രാവാക്യങ്ങൾ ഉയർത്തി.

കഴിഞ്ഞ പത്തുവർഷം എം.എൽ.എ എന്ന നിലയിൽ ഗ്രാമങ്ങളിൽ കുടിവെള്ളം, റോഡുകൾ, ഡ്രെയിനേജ് എന്നിവ ഒരുക്കുന്നതിന് മുൻഗണന നൽകിയെന്ന് ബാലകൃഷ്ണ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുപൂരിലെ ജനങ്ങൾക്ക് എപ്പോഴും എന്നെ സമീപിക്കാം. പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ഞാൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

അനന്തപൂർ ജില്ലയിലെ ഹിന്ദുപൂർ നിയമസഭ മണ്ഡലം 1983 മുതൽ ടി.ഡി.പി ശക്തികേന്ദ്രമാണ്. ബാലകൃഷ്ണയുടെ പിതാവ് മൂന്നുതവണയും ജ്യേഷ്ഠൻ നന്ദമുരി ഹരികൃഷ്ണയും ഇവിടെ നിന്നു വിജയിച്ചിട്ടുണ്ട്. നിയമസഭയിൽ കുടുംബത്തെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ അംഗമാണ് ബാലകൃഷ്ണ.

അമാനുഷിക ശക്തിയുള്ള നായക കഥാപാത്രങ്ങളുടെ പേരിൽ മാത്രമല്ല,​ പൊതുവേദിയിലെ പെരുമാറ്റം കൊണ്ടും ബാലയ്യ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ആരാധകരോടും സഹപ്രവർത്തകരോടും പൊതുവേദികളിൽ താരം ദേഷ്യപ്പെടുകയും തല്ലുകയും വരെ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360