SignIn
Kerala Kaumudi Online
Friday, 18 September 2026 4.50 AM IST

കോയമ്പത്തൂർ എത്തുമ്പോൾ സുരേഷ്ഗോപി അങ്കിൾ ഞങ്ങളെ കാണാനെത്തും, അച്ഛനുമായി ആത്മബന്ധമുണ്ടെന്ന് പത്മരാജ് രതീഷ്

READ ENGLISH VERSION
suresh-gopi

സുരേഷ്ഗോപി ചെയ്തുതന്ന സഹായങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണെന്ന് വെളിപ്പെടുത്തി നടൻ രതീഷിന്റെ മകനും അഭിനേതാവുമായ പത്മരാജ് രതീഷ്. 'കാവൽ ' എന്ന ചിത്രത്തിൽ സുരേഷ്ഗോപിയുടെ അഭിനയം കണ്ട് ഞെട്ടിപ്പോയെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പത്മരാജ് രതീഷ് കൂടുതൽ അനുഭവങ്ങൾ പങ്കുവച്ചത്.

'കാവലിൽ അഭിനയിക്കുന്ന സമയത്ത് സുരേഷ് ഗോപി അങ്കിൾ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഞാൻ നല്ലൊരു അഭിനേതാവായി മാറണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ കല്യാണം ഒരു കാരണവനെപ്പോലെ നിന്ന് നടത്തേണ്ട ഒരു ആവശ്യവും സുരേഷ്‌ഗോപി അങ്കിളിനില്ലായിരുന്നു. ഞങ്ങൾ ബന്ധുക്കളല്ല. അച്ഛനും അദ്ദേഹവും അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷെ അവർ തമ്മിൽ എന്തോ ഒരു ആത്മബന്ധമുണ്ട്. അമ്മയോടുളള സമീപനവും അങ്ങനെയായിരുന്നു. എന്റെ ചേച്ചിയാണെന്നാണ് അങ്കിൾ എപ്പോഴും അമ്മയെക്കുറിച്ച് പറയാറുളളത്. എപ്പോൾ കോയമ്പത്തൂർ വന്നാലും ഞങ്ങളെ വിളിക്കും. അമ്മയും ഞങ്ങളും അങ്കിളും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഇപ്പോഴും അതിന് ഒരുമാ​റ്റവും ഉണ്ടായിട്ടില്ല. ഇനി എന്ത് വിഷയം ഉണ്ടായാലും അങ്കിളിന്റെ അടുത്തേ പോകുളളൂ'- പത്മരാജ് പറഞ്ഞു.

അച്ഛൻ രതീഷിനെക്കുറിച്ചുളള ഓർമകളും താരം പങ്കുവച്ചു. 'ഡബ്ബ് ചെയ്യാൻ അച്ഛന് കുറച്ച് മടിയുണ്ടായിരുന്നു. അതുപോലെ സംഘട്ടന രംഗങ്ങൾ ചെയ്യാനും മടിയുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ അച്ഛൻ അതിൽ മികവ് കാണിക്കാൻ തുടങ്ങുകയായിരുന്നു. കമ്മീഷണർ സിനിമയിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഡയലോഗ് മോഡുലേഷനിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ഞാൻ അഭിനയിച്ച് തുടങ്ങിയപ്പോഴും അതേ പ്രശ്നങ്ങളുണ്ടായിരുന്നു.അച്ഛൻ വലിയൊരു നടനാണെന്ന കാര്യം ആദ്യമൊന്നും അറിയില്ലായിരുന്നു. ഞാൻ സിനിമയിൽ എത്തിയതിനുശേഷമാണ് അച്ഛന്റെ സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത്'-താരം പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും പത്മരാജ് വെളിപ്പെടുത്തി. 'ഞാൻ ആദ്യസിനിമയിൽ അഭിനയിച്ചപ്പോൾ വെല്ലുവിളികളെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ പോയപ്പോൾ അദ്ദേഹം എന്നെ പിടിച്ചിരുത്തി എന്റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചു. ആദ്യ സിനിമയ്ക്കുശേഷമാണ് അത് മനസിലായത്. സിനിമയിൽ എത്താൻ എളുപ്പമാണ്. പക്ഷെ അതിൽ തുടരാനാണ് പാട്. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം തിരുവനന്തപുരത്തെത്തിയപ്പോഴാണ് മമ്മൂക്കയെ ആദ്യമായി കണ്ടത്. മമ്മൂക്ക പങ്കജ് ഹോട്ടലിലാണ് താമസിച്ചത്. അവിടെ പോയാണ് കണ്ടത്. അതിനുശേഷം മമ്മൂക്ക പല ചടങ്ങുകൾക്കും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അതിനൊന്നിനും പോകാൻ കഴിഞ്ഞിരുന്നില്ല. അതിനുശേഷം ഞാൻ അദ്ദേഹത്തെ കാണുന്നത് ഫയർമാൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഞാനും മമ്മൂക്കയും രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സഹായം ചെയ്തുതന്നിട്ടുണ്ട്. അദ്ദേഹം എനിക്ക് മേക്കപ്പ് ചെയ്തുതന്നിട്ടുണ്ട്.

ഷൂട്ടിംഗ് കഴിഞ്ഞ് ക്യാരവാനിൽ കയറി കഴിഞ്ഞാൽ മമ്മൂക്ക വേറൊരു ആളാണ്. അതുകണ്ട് ഞാൻ ഞെട്ടിപ്പോയ ദിവസങ്ങളുണ്ട്. മമ്മൂക്കയുടെ ഡയ​റ്റ് കണ്ട് ഞാൻ അതിശയിച്ചുപോയിട്ടുണ്ട്. എനിക്ക് അത് സാധിക്കില്ല. മമ്മൂക്ക കഴിക്കുമ്പോൾ ഞങ്ങൾക്കും കൊടുത്ത് വിടാറുണ്ട്'-പത്മരാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY