കൊച്ചി: മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം എൽ എയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരും. വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും എം എൽ എ അപകടനില പൂർണമായി തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടുണ്ടെങ്കിലും എം എൽ എയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇന്നലെ രാവിലെ കട്ടിലിലെ ഹെഡ് റെസ്റ്റിന്റെ സഹായത്തോടെ ഇരുന്നിരുന്നു. മക്കളായ വിവേകും വിഷ്ണുവുമായി ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു.
എം എൽ എ ഓഫീസിലെ കാര്യങ്ങളും വീട്ടിലെ അറ്റകുറ്റപ്പണികളെക്കുറിച്ചും ഉമാ തോമസ് എഴുതി ചോദിച്ചിരുന്നു. ഇതിന്റെ മറുപടിയും എഴുതി നൽകി. പാലാരിവട്ടം പൈപ്പ് ലൈനിന് സമീപത്തെ വീട് തറയോടെ ഉയർത്തുന്ന പണി അവസാന ഘട്ടത്തിലാണ്. വീണ്ടും കയറി താമസിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അതേക്കുറിച്ചായിരുന്നു ചോദിച്ചത്.
ഗിന്നസ് റെക്കാഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഉമാ തോമസിന് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ മാനേജിംഗ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്‍റെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |