SignIn
Kerala Kaumudi Online
Sunday, 07 June 2026 12.36 AM IST

വരവ് തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്ന്, 50 രൂപയായിരുന്നത് ഇപ്പോൾ ഇരട്ടിയായി, മലയാളികൾ ഫ്രീയായി വാങ്ങിയതുപോലും തരാതെ കടയുടമകൾ

truck

കൊല്ലം: കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 500 രൂപ വരെയെത്തിയ മുരിങ്ങക്കായ വില 60 ലേക്ക് താഴ്ന്നപ്പോൾ മൊത്തവിപണിയിൽ കിലോയ്ക്ക് 50 ആയിരുന്ന ബീൻസ് 100ൽ എത്തി. ബാക്കി പച്ചക്കറി ഇനങ്ങൾക്ക് പൊതുവേ വലിയ വർദ്ധനവില്ലെന്നതാണ് ആശ്വാസം.

ലഭ്യത കൂടിയതാണ് വില കുറഞ്ഞ് നിൽക്കാൻ കാരണമായി പറയുന്നത്. മഴ എത്തിയാൽ വില കൂടും. വെളുത്തുള്ളി വില മൊത്തവിപണിയിൽ 120-140 വരെയാണ്. കിലോയ്ക്ക് 46-50 ഉണ്ടായിരുന്ന പച്ചമുളകിന് 10 രൂപയാണ് കൂടിയത്. എന്നാൽ കിലോയ്ക്ക് 65, 70 രൂപ ആയിരുന്ന തക്കാളി 30 ആയും 100ന് അടുത്ത് വിലയുണ്ടായിരുന്ന അമര വില 40 ആയും കുറഞ്ഞു. വഴുതനങ്ങ, സവാള, മത്തൻ ഇവയുടെ വിലയിൽ കാര്യമായ മാറ്റമില്ല. സവാള വില കിലോയ്ക്ക് മൊത്തവിപണിയിൽ 25-30 ൽ തന്നെ തുടരുകയാണ്. വെണ്ടയ്ക്കയും ബീറ്റ്‌റൂട്ടിനും കിലോയ്ക്ക് 40. ഉരുളൻ കിഴങ്ങിന് കിലോയ്ക്ക് 30 രൂപയാണ് നിലവിൽ. പ്രാദേശികമായി വിലകളിൽ നേരിയ വ്യത്യാസം ഉണ്ടാകാമെന്നാണ് വ്യാപാരികൾപറയുന്നു. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസുരു, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്.


കറിവേപ്പില 90ൽ


പച്ചക്കറി കടകളിൽ നിന്ന് സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന കറിവേപ്പില, ചോദിച്ചാൽ പോലും തരാൻ പല കടക്കാർക്കും നിലവിൽ മടിയാണ്. നല്ല കറിവേപ്പിലയ്ക്ക് ഹോൾസെയിൽ വില കിലോയ്ക്ക് 90 രൂപയായി. ചില്ലറ വില്പന കേന്ദ്രങ്ങളിൽ ഇതിലും കൂടും. ചൂട് കൂടുമ്പോൾ നല്ല കറിവേപ്പിലയുടെ ലഭ്യത കുറയുന്നു. ഇതാണ് വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.


ബീൻസിന് മാത്രമാണ് വില അല്പം കൂടുതൽ. ബാക്കി പച്ചക്കറികളുടെ വില പൊതുവേ കുറഞ്ഞ് നിൽക്കുകയാണ്. മഴ എത്തുമ്പോൾ മാത്രമേ ഇനി വില ഉയരാൻ സാദ്ധ്യതയുള്ളൂ


എം.ജെ.അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വെജിറ്റബിൾസ് മർച്ചന്റ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AGRICULTURE, AGRICULTURE NEWS, TAMILNADU, KARNATAKA, TRUCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY