SignIn
Kerala Kaumudi Online
Sunday, 16 August 2026 1.42 AM IST

കർണാടക വനത്തിൽ വെടിവയ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം വനം വകുപ്പ് ഓഫീസ് തകർത്ത് ഗ്രാമവാസികൾ

s

ബംഗളൂരു: കർണാടകയിലെ ചാമരാജ്നഗറിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ 5.10 ഓടെയായിരുന്നു സംഭവം. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിലിറങ്ങിയെന്ന വിവരത്തെ തുടർന്നാണ് വനംവകുപ്പ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്.

ഉദ്യോഗസ്ഥരെ കണ്ടയുടൻ വേട്ടസംഘം വെടിയുതിർത്തു. തുടർന്ന് സ്വയംരക്ഷാർത്ഥം തിരിച്ചു വെടിവച്ചെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടൻ തോക്കും നാല് ചാക്ക് മാൻ ഇറച്ചിയും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥനെ കൊള്ളെഗാലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം,സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.

ഇതിനിടെ വനംവകുപ്പിനെതിരെ ഷാഗ്യ ഗ്രാമവാസികൾ രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലാണ് ഉദ്യോഗസ്ഥർ നടത്തിയത്. മൂവരെയും കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തിൽ ഗ്രാമവാസികൾ ഷാഗ്യയിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു. ഓഫീസിലെ ഉപകരണങ്ങളും വാഹനവും പ്രതിഷേധക്കാർ തല്ലിത്തകർത്തു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. "ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ," -മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUN SHOT, LATESTNEWS, KARNATAKA, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360