
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമായതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് വലിയ ഡിമാൻഡാണ്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ പ്രമേഹ രോഗികൾക്കും ഇത് കഴിക്കാം. ബിപി നിയന്ത്രണത്തിനും സഹായിക്കുന്നു. ഇന്ത്യയിൽ ഈ പഴത്തിന്റെ ഡിമാൻഡ് വർദ്ധിച്ചതിന് പിന്നാലെ പലരും ഇവ കൃഷി ചെയ്യാൻ ആലോചിക്കുന്നുണ്ട്. മെക്സിക്കൻ പഴമായ ഇത് കേരളത്തിലെ കാലാവസ്ഥയ്ക്കും മികച്ചതാണ്. നല്ല വരുമാനം ആഗ്രഹിക്കുന്നവർക്ക് ധെെര്യമായി ഈ കൃഷി തിരഞ്ഞെടുക്കാം.
വിത്തുകളും തണ്ടുകളും നടാം. തണ്ടുകൾ നടുന്നതാണ് കൂടുതൽ നല്ലത്. ആരോഗ്യമുള്ള ചെടിയിൽ നിന്ന് 10-12 ഇഞ്ച് നീളമുള്ള തണ്ടുകൾ മുറിച്ചെടുത്ത് 2-3 ദിവസം തണലത്ത് വച്ച് ഉണക്കിയെടുക്കുക. വെള്ളം കെട്ടിനിൽക്കാത്ത ഏത് തരം മണ്ണിലും ഡ്രാഗൺ ഫ്രൂട്ട് വളരും. ചെടി നടാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിൽ കലർത്തി ചട്ടിയിലോ തറയിലോ നടാവുന്നതാണ്.
ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. പടർന്നുവളരുന്ന ചെടിയായതിനാൽ ഇതിന് താങ്ങ് ആവശ്യമാണ്. ആറ് മുതൽ ഏഴ് അടിവരെയുള്ള കോൺക്രീറ്റ് തൂണുകൾക്ക് ചുറ്റും നടാം. ചെടിക്ക് അമിതമായി വെള്ളം ആവശ്യമില്ല. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടുതവണ നനയ്ക്കുന്നത് നല്ലതാണ്. ജെെവവളത്തിന് മുൻഗണന നൽകണം. ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ ചെടി പൂത്ത് തുടങ്ങും. പൂവ് വന്നാൽ ഏകദേശം ഒരു മാസത്തിനുള്ളിൽ ഫലം പാകമാകും. പഴത്തിന്റെ നിറം പച്ചയിൽ നിന്ന് പിങ്കോ ചുവപ്പോ നിറമാകുമ്പോൾ വിളവെടുക്കാം. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം ലഭിക്കും. കിലോയ്ക്ക് 70 മുതൽ 350 വരെയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |