ന്യൂഡൽഹി: ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് നിയന്ത്രിക്കാൻ മുൻകൂർ നടപടികളുമായി ഡൽഹി സർക്കാർ. നവംബർ ഒന്നുമുതൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്ക് ഇരട്ടിയാക്കാനാണ് തീരുമാനം. കൂടാതെ, വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നവംബർ ഒന്നുമുതൽ 2027 ഫെബ്രുവരി 28 വരെയാണ് പാർക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതേസമയം, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പാർക്കിംഗ് കേന്ദ്രങ്ങൾക്ക് ഈ നിരക്ക് വർദ്ധന ബാധകമല്ല. നവംബർ ഒന്നുമുതൽ ഓഫീസുകളുടെ പ്രവർത്തനസമയത്തിലും മാറ്റമുണ്ടാകും. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഓഫീസുകൾക്ക് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെയാണ് പ്രവർത്തന സമയം നിർദേശിച്ചിരിക്കുന്നത്.
ഡൽഹി സർക്കാരിന്റെ ഓഫീസുകൾ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ ആയിരിക്കും പ്രവർത്തിക്കുക. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ നേരിട്ട് എത്താൻ പാടുള്ളൂ. ബാക്കിയുള്ള 50 ശതമാനം ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യണം. ഈ ക്രമീകരണം നവംബർ ഒന്നുമുതൽ ജനുവരി 31വരെയാണ് നിലവിലുണ്ടാകുക.
പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൃഷിയവശിഷ്ടങ്ങൾ കത്തിക്കുന്നതും ശൈത്യകാലത്ത് ഡൽഹിയിലെ വായുമലിനീകരണം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മലിനീകരണം നിയന്ത്രിക്കുന്നതിന് ഒറ്റ-ഇരട്ട വാഹനനിയന്ത്രണം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തവണ ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപുതന്നെ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
The Delhi government has announced proactive measures to combat severe winter air pollution. From November 1, parking fees will double across the city. Additionally, 50% of government and private employees must work from home until January 31, with office timings staggered to ease traffic congestion. Restrictions on construction and demolition activities are also being implemented.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |