
കൊച്ചി: ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗങ്ങളിലുള്ളവർക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമനിർമ്മാണവും നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമവകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മഹാരാജാസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 500കോടിയോളം അധികം അനുവദിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമം വഴിപാടാകില്ലെന്നും പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക ഭവനനിർമ്മാണ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ പട്ടികജാതി വികസനവകുപ്പിന്റെ നൈപുണ്യവികസനപദ്ധതി പ്രകാരം ജോലി ലഭിച്ചവർക്ക് ഹൈബി ഈഡൻ എം.പി ഓഫർലെറ്ററുകൾ നൽകി. മന്ത്രി കെ.എ. തുളസി അദ്ധ്യക്ഷയായി. എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |