SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.57 AM IST

നാട്ടുകാരുടെ സംശയം കൂട്ടി റീന, കുട്ടിയുടെ വസ്ത്രം മണപ്പിക്കാൻ നൽകിയപ്പോൾ പൊലീസ് നായ പോയത് ആ വീട്ടിലേക്ക്

devananda

കൊല്ലം: ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയേക്കാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടി അത്രയും ദൂരെ ഒറ്റയ്ക്ക് പോകില്ലെന്ന് അമ്മയും മുത്തച്ഛനും ആവർത്തിക്കുന്നു. അതോടൊപ്പം തന്നെ പൊലീസിന്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികൾ സംശയം വർദ്ധിപ്പിക്കുകയാണ്.

നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആൾ താമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന റീനയ്‌ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി. സമീപത്തെ ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. പൊലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന സംശയം നാട്ടുകാരിൽ സജീവമാണ്. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകൾ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാൾ (ദുപ്പട്ട) ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു.

അതേസമയം, മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോർട്ടം നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയ മൂന്ന് പൊലീസ് സർജൻമാർ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ മൊബൈൽ ടവറുകൾ വഴി കടന്നുപോയ എല്ലാ ഫോൺ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVANANDA, DEVANANDA DEATH, POLICE DOG REENA, POLICE, DEVANANDA MOTHER, DEVANANDA NEIGHBOUR, DEVANANDA SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA