SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ നടക്കില്ല; ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് കെ സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
surendran

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സത്യം പുറത്തുകൊണ്ടുവരും എന്ന ഭയാശങ്ക കൊണ്ടാണ് ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് നടക്കുന്ന അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ്.

കേന്ദ്ര ഏജൻസികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്നുള‌ളത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്ന പ്രസ്‌താവനയല്ല. കേന്ദ്ര ഏജൻസികളോട് എതിർപ്പുണ്ടെങ്കിൽ അതറിയിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അതുചെയ്യാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സത്യം പുറത്തുവരുമെന്ന ഭയാശങ്കയിലാണെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ കേരളത്തിൽ നടക്കില്ല. ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. മുഖ്യമന്ത്രിയുടെത് കുറ്റവാളികളെ സംരക്ഷിക്കാനും സ്വയം രക്ഷപെടാനുമുള‌ള വ്യഗ്രതയുമാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണം നേരിടുന്നതിന് പകരം ഭീഷണിയും അക്രമവും കാണിച്ച് അന്വേഷണ സംഘത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

TAGS: KSURENDRAN, KERALA GOVERNMENT, CPM, PROTEST, CENTRAL PROBE AGENCIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY