SignIn
Kerala Kaumudi Online
Saturday, 26 September 2026 7.42 AM IST

ജനിതക മാറ്റ വൈറസ് കേരളത്തിലും? സാദ്ധ്യത തള്ളാതെ വിദഗ്ധർ

cov

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സംസ്ഥാനത്തുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസിനെ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഇവയെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദിവസവും ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വൈറസിന്റെ ജനിതക മാറ്റം മൂലമാകാമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

രോഗവ്യാപനം വേഗത്തിലാകാൻ കാരണം പുതിയ വകഭേദമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.പി. ഗോപികുമാർ പറഞ്ഞു. വൈറസിലെ ജനിതക മാറ്റം കണ്ടെത്താൻ ആർ.ടി.പി.സി.ആറിന് കഴിയില്ല. വൈറസ് സാന്നിദ്ധ്യം മാത്രമേ കണ്ടെത്താനാകൂ. എന്നാൽ ആർ.ടി.പി.സി.ആറിനൊപ്പം മറ്റൊരു പരിശോധനയിലൂടെ ജനിതക വ്യതിയാനം കണ്ടെത്താം. സംസ്ഥാനത്ത് ചുരുക്കം ലാബുകളിലാണ് ഇതിന് സൗകര്യമുള്ളത്. ഈ പരിശോധന വ്യാപിപ്പിക്കണം.

കൊവിഡ് രണ്ടാം തരംഗത്തിന്റെ സ്വഭാവം വിശകലനം ചെയ്താൽ മേയ് അവസാനം വരെ രോഗികളുടെ എണ്ണം വർദ്ധിച്ചേക്കാം. കഴിഞ്ഞ വർഷം രോഗികളുടെ എണ്ണം ഏറ്റവും കൂടിയത് ഓണക്കാലം (ഓഗസ്റ്റ് 31)​ മുതലാണ്. ഒക്ടോബർ നാലിന് രോഗികളുടെ എണ്ണം ഏറ്രവും ഉയർന്നു. ഏറ്റവും കൂടുതൽ രോഗികൾ ആശുപത്രിയിലായത് ഒക്ടോബർ മൂന്നാമത്തെ ആഴ്ചയിലായിരുന്നു. ഒന്നേമുക്കാൽ മാസത്തോളം വർദ്ധന നിലനിന്നു.

രണ്ടാം തരംഗത്തിൽ നിമയസഭാ തിരഞ്ഞെടുപ്പിന് മുമ്പാകും രോഗവ്യാപനമുണ്ടായത്. ഏപ്രിലിലാണ് രോഗികളുടെ എണ്ണം കൂടി നിൽക്കുന്നത്. മേയ് രണ്ടാമത്തെ ആഴ്ച ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യും. മേയ് അവസാനത്തോടെ രോഗികളുടെ എണ്ണം കുറഞ്ഞേക്കാം.

പ്രതിദിനം 35,​000 കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേ‌ക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതിലും കൂടുതൽ രോഗികളുണ്ടായാൽ ആശുപത്രി കിടക്കകൾ,​ ഐ.സി.യു,​ വെന്റിലേറ്റർ സംവിധാനങ്ങൾ തികയാതെ വരും. ജാഗ്രത മാത്രമാണ് പ്രതിവിധി.

''രണ്ടാം തരംഗം നിസാരമല്ല. വികസിത രാജ്യങ്ങളിൽ വരെ രണ്ടാം തരംഗം കനത്ത നാശം വിതച്ചിട്ടുണ്ട്. അവിടെയും ആരോഗ്യരംഗം തകർന്നു. ഇവിടെയും അത് വരില്ലെന്ന് ഉറപ്പില്ല.

ഡോ. ടി.എസ്. അനീഷ്‌

കമ്മ്യൂണിറ്റി മെഡിസിൻ അസോ.പ്രൊഫസർ,​

തിരുവനന്തപുരം മെഡിക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA