SignIn
Kerala Kaumudi Online
Sunday, 28 June 2026 12.09 AM IST

താരങ്ങളുടെ ഒാണം

onam-stars

മമ്മൂട്ടിക്കും മോഹൻലാലിനും

ഒാണം ദുബായിൽ

മലയാളത്തിന്റെ താരചക്രവർത്തിമാരായ മമ്മൂട്ടിയും മോഹൻലാലും ഇത്തവണ ഒാണമാഘോഷിക്കുന്നത് ദുബായിൽ .യു.എ.ഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ഇരുവരും കഴിഞ്ഞദിവസം ദുബായിലേക്ക് പറന്നു. മമ്മൂട്ടി കൊച്ചിയിൽ നിന്ന് പുലർച്ചയും മോഹൻലാൽ ഹൈദരാബാദിൽ നിന്നു രാത്രിയിലുമാണ് ദുബായിലേക്ക് പറന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പത്തുവർഷം കാലാവധിയുള്ള വിസയാണ് യു.എ.ഇ ഗവൺമെന്റ് സമ്മാനിക്കുന്നത്. യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള സിനിമാ പ്രവർത്തകരാണ് ഇരുവരും.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിക്ക് പൂർത്തിയാക്കാനുള്ളത്. ചിത്രീകരണ സംഘത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചതിനാൽ ഭീഷ്മപർവ്വത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. മമ്മൂട്ടിക്ക് ഇനി നാല് ദിവസത്തെ ചിത്രീകരണമാണ് ഭീഷ്മപർവ്വത്തിൽ അവശേഷിക്കുന്നത്.

ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം മമ്മൂട്ടി ഭീഷ്‌മപർവ്വം പൂർത്തിയാക്കും. തുടർന്ന് നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിൽ ജോയിൻ ചെയ്യും. രണ്ട് വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടി ദുബായ് സന്ദർശിക്കുന്നത്.

ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയുടെ സെറ്റിൽ നിന്ന് ദുബായിലേക്ക് പറന്ന മോഹൻലാൽ തിരിച്ചെത്തിയ ശേഷം ചിത്രം പൂർത്തിയാക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിന് ശേഷം മോഹൻലാൽ ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന 12th MAN എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. നേരത്തെ ആഗസ്റ്റ് 27ന് ഇൗ ചിത്രത്തിൽ ജോയിൻ ചെയ്യാനായിരുന്നു മോഹൻലാലിന്റെ തീരുമാനം.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം സെപ്തംബർ ആറു മുതലായിരിക്കും മോഹൻലാൽ ജിത്തു ജോസഫിന്റെ ചിത്രത്തിൽ അഭിനയിക്കുക.

തിരുവോണ ദിവസം

തിരക്കോട് തിരക്കിൽ

സുരേഷ് ഗോപി

ഇത്തവണ ഒാണമാഘോഷിക്കുന്നത് എവിടെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുരേഷ് ഗോപി പറയുന്നു.

`` ഞാനിപ്പോൾ എറണാകുളത്താണ് . തിരുവനന്തപുരത്തേക്ക് പോകാത്തത് കൊണ്ട് ഇവിടെയുള്ള കസിൻസെല്ലാം വിളിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്തോ ചങ്ങനാശേരിയിലോ എറണാകുളത്തോ എവിടെയായിരിക്കും ഒാണമാഘോഷിക്കുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരുവല്ലയിൽ സജിസോമന്റെ നേതൃത്വത്തിലുള്ള പായസമേളയിൽ പങ്കെടുക്കണം. തിരുവോണദിവസം രാവിലെ എം.ജി. സോമേട്ടന്റെ വീട്ടിൽ പോണം അതുകഴിഞ്ഞ് തിരുവോണ സദ്യയുണ്ണാൻ എറണാകുളത്ത് ജോമോളുടെ വീട്ടിൽ വരുമോ, ദിനേശിന്റെ വീട്ടിൽ വരുമോ, അതോ , പ്രേമേട്ടന്റെ വീട്ടിൽ പോകുമോ എന്നൊന്നും ഒരു ഐഡിയയുമില്ല. ചിലപ്പോൾ കോട്ടയത്ത് എന്റെ ഒരു കസിനുണ്ട്. വക്കീലാണ് അവന്റെ വീട്ടിലായിരിക്കും ഒാണംകൂടുന്നത്. '' സുരേഷ് ഗോപി പറഞ്ഞു.

ദിലീപിന്റെ

ഒാണം വീട്ടിൽ

കുടുംബത്തോടൊപ്പം വീട്ടിൽത്തന്നെയാണ് ദിലീപിന്റെ ഒാണാഘോഷം.

നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥനാണ് ദിലീപിന്റെ അടുത്ത റിലീസ്.

കേശു തിയേറ്ററിൽത്തന്നെ റിലീസ് ചെയ്യണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. എനിക്ക് കിട്ടിയ നല്ലൊരു കഥാപാത്രമാണ് എഴുപത്തിയാറുകാരനായ കേശു. ഉർവശി ചേച്ചിയോടൊപ്പമുള്ള കോമ്പിനേഷൻ. എല്ലാവരും നന്നായി അഭിനയിച്ച സിനിമ. ദിലീപിന്റെ വാക്കുകൾ.

ടോപ് സിംഗറിലെ കുരുന്നുകളോടൊപ്പം ദിലീപ് പാടിയ കേശുവിലെ നാരങ്ങാ മിഠായി എന്ന ഗാനം രണ്ടുദിവസംമുമ്പാണ് റിലീസായത്. പാട്ട് തരംഗമാകുന്നതിന്റെ ആഹ്ളാദത്തിലാണ് ദിലീപ്.

`` ദൈവാനുഗ്രഹമുള്ള കുട്ടികളാണ് അവരെല്ലാം. അവരുടെ പാട്ടും കുസൃതികളുമൊക്കെ ഒരു വിസ്മയമാണ്.'' ദിലീപ് പറയുന്നു.

ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന തട്ടാശേരിക്കൂട്ടം എന്ന ചിത്രവും റിലീസിന് തയ്യാറായിക്കഴിഞ്ഞു.

മഞ്ജു വാര്യർ

മുംബയിൽ

മുംബയിലെ ഫ്ലാറ്റിലായിരിക്കും ഇത്തവണ മഞ്ജു വാര്യരുടെ ഒാണാഘോഷം. സ്വകാര്യാവശ്യത്തിനായി മുംബയിലെത്തിയ മഞ്ജുവാര്യർ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അമേരിക്കി പണ്ഡിറ്റ് വീണ്ടും തുടങ്ങുന്നുവെന്ന അറിയിപ്പ് ലഭിച്ചതിനാലാണ് മുംബയിൽ തന്നെ തുടരുന്നത്. നവാഗതനായ കല്പേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ. മാധവനാണ് നായകൻ.

ദുൽഖറിന്റെയും

പൃഥ്വിരാജിന്റെയും

ഫഹദിന്റെയും

ഒാണം ഹൈദരാബാദിൽ

ദുൽഖറി സൽമാനും

പൃഥ്വിരാജും

ഫഹദ് ഫാസിലും

ഹൈദരാബാദിലാണ് ഒാണമാഘോഷിക്കുന്നത്.

ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പീര്യഡ് ഡ്രാമയുടെ സെറ്റിലാണ് ദുൽഖർ സൽമാൻ.

താൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ സെറ്റിലാണ് പൃഥ്വിരാജ്. ഹൈദരാബാദിൽ സെപ്തംബർ മൂന്നാം തീയതി ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയാകും. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് മുഴുനീള വേഷമവതരിപ്പിക്കുന്നുണ്ട്.

ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന പുഷ്പയുടെ സെറ്റിൽ ഫഹദ് ഫാസിൽ ഇന്ന് ജോയിൻ ചെയ്യും. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള വേഷമാണ് ഫഹദിന്.

ആസിഫ് അലിയുടെ

ഒാണം കുടുംബത്തിനും

സുഹൃത്തുക്കൾക്കുമൊപ്പം

എറണാകുളത്തെ ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒാണമാഘോഷിക്കാനാണ് ആസിഫ് അലിയുടെ തീരുമാനം.

എല്ലാവരുമൊത്ത് ചേർന്ന് ഫ്ളാറ്റിൽ ഒരുഗ്രൻ ഒാണസദ്യ പ്ളാൻ ചെയ്തിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു.

ജിസ്ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോഴഭിനയിക്കുന്നത്. ഒാണത്തോട് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രം ഷെഡ്യൂൾ ബ്രേക്ക് ചെയ്തിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA