SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 PM IST

മുൻഗണനാ കാർഡിൽ വീണ്ടും പരിശോധന, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

ration

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ കോഴ വാങ്ങി അർഹതയില്ലാത്തവർക്ക് നൽകുന്നത് തടയാനും അർഹതയുള്ളവർക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാനും അപേക്ഷകൾ ഒരിക്കൽക്കൂടി പരിശോധിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനം.
ഇടനിലക്കാർ വഴി റേഷൻ കാ‌ർഡ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും ഡയറക്ടർക്കും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിർദേശവും നൽകി.

'ആയിരം രൂപയും ദല്ലാളും: മുൻഗണനാ റേഷൻ കാർഡ് വില്പനയ്ക്ക്' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യ വാർത്തയെ തുടർന്നാണ് നടപടി. പുനഃപരിശോധനാ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നേരിട്ടും ഓൺ ലൈനായും കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ഉൾപ്പെടെ ലഭിച്ച മുഴുവൻ അപേക്ഷകളും പുനഃപരിശോധിക്കും. അർഹതയില്ലാത്തവർയ്ക്ക് അംഗീകാരം നൽകിയെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഏത് ഉദ്യോഗസ്ഥനാണ് അംഗീകാരം നൽകിയതെന്ന് ഇനി മുതൽ രേഖപ്പെടുത്തും.

അർഹതയില്ലാതെ കൈവശം വച്ചിരുന്ന 1.37 ലക്ഷം കാർഡുകളാണ് സർക്കാർ തിരിച്ചു വാങ്ങിയത്. അത് അർഹതയുള്ളവർക്ക് നൽകാനുള്ള സർക്കാർ നിർദേശം കീശ വീർപ്പിക്കാനുള്ള അവസരമായി ചില ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതാണ് ഇന്നലെ കേരളകൗമുദി തുറന്നു കാട്ടിയത്.

കൊടുത്ത കോഴ പാഴാവും

തിരിച്ചുപിടിച്ച 11055 എ.എ.വൈ (മഞ്ഞ) കാർഡുകൾ അർഹതയുള്ളവർക്ക് നൽകുന്നതിന്റെ ഉദ്ഘാടനം ഈ മാസം ആറിന് നടത്തിയിരുന്നു. ഇതിന്റെ വിതരണവും സൂക്ഷ്മ പരിശോധനയ്ക്കുശേഷമേ നടത്തുകയുള്ളൂ. ഇതോടെ ആയിരവും അതിനു മുകളിലും കോഴ കൊടുത്ത് കാർഡ് സ്വന്തമാക്കാൻ ശ്രമിച്ചർ ഒഴിവാകും.

''ഒരു രൂപ പോലും നൽകേണ്ട കാര്യമില്ല. റേഷൻ കടക്കാരോ, ഉദ്യോഗസ്ഥരോ പണം ആവശ്യപ്പെട്ടാൽ സിവിൽ സപ്ളൈസ് ഡയറക്ടറെ അറിയിക്കണം. വിവരം രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കും. ''

- ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി

മാനദണ്ഡം പുതുക്കണം: ഡീലേഴ്സ് അസോ.

മുൻഗണനാ കാർഡിനുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്അലി ആവശ്യപ്പെട്ടു. പുഴയുടെ സമീപം താമസിക്കുന്നവർക്ക് പ്രളയ ഇരു നില വീട് വയ്ക്കേണ്ടിവന്നിട്ടുണ്ട്. കാൻസറും മറ്റും ബാധിച്ച രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പഴയ കാറുകൾ വാങ്ങുന്നവരുണ്ട്. ഇത്തരക്കാരെ ഒഴിവാക്കരുത്.

vv
ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രധാന വാർത്ത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATIONCARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA