SignIn
Kerala Kaumudi Online
Friday, 25 September 2026 9.04 PM IST

പള്ളിവേട്ട കഴിഞ്ഞു ശ്രീപദ്മനാഭന് ഇന്ന് ആറാട്ട്

alpasi

തിരുവനന്തപുരം: ആചാരപ്പെരുമയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്നലെ രാത്രി എട്ടരയോടെ ക്ഷേത്രം രാജസ്ഥാനി മൂലംതിരുനാൾ രാമവർമ്മയാണ് നടത്തിയത്. ഇന്ന് വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽ നിന്ന് ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണ ഗരുഡവാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി അമ്പും വില്ലും ആവാഹനം കഴിച്ച് രാമവർമ്മയ്ക്ക് കൈമാറി. പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തിയത്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളം റവന്യൂ ഉദ്യോഗസ്ഥർ ആചാരപ്രകാരം അലങ്കരിച്ചിരുന്നു. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേനടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് മുളപാലികയിൽ മുളപ്പിച്ച നവധാന്യങ്ങൾ ഒരുക്കി. ഇന്ന് പുലർച്ചെ കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമാവും. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര പോകുന്നത്. ശംഖുംമുഖത്തെ കൽമണ്ഡപത്തിൽ ഇറക്കിവച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL