SignIn
Kerala Kaumudi Online
Friday, 25 September 2026 12.53 AM IST

48 വർഷത്തിന് ശേഷം സരോജിനിക്ക് സ്വന്തം ഭൂമി

sarojini
സരോജിനിക്ക് മന്ത്രി എ.പി. അനിൽകുമാർ പട്ടയം കൈമാറുന്നു

ചെറുതോണി: 48 വർഷം മുമ്പ് പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് നെടുങ്കണ്ടത്തിനടുത്ത് കരുണാപുരം കുരുവിക്കാനത്തേക്ക് ഭർത്താവ് ശേഖരനോടൊപ്പം കുടിയേറിയതാണ് മാരാക്കുഴിയിൽ സരോജിനി. അന്ന് വാങ്ങിയ 62 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടാൻ വേണ്ടി പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും കിട്ടിയില്ല. 22 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ അപേക്ഷ നൽകലും കാത്തിരിപ്പുമെല്ലാം ഒറ്റയ്ക്കായി. പ്രായം ഇപ്പോൾ 79. നടക്കാൻപോലും ബുദ്ധിമുട്ടുണ്ടായിട്ടും പട്ടയം ഏറ്റവാങ്ങാൻ മകൻ ഹരിയോടൊപ്പം ചെറുതോണിയിലെ പട്ടയമേളയിലെത്തി. സദസിലിരുന്ന സരോജിനിക്ക് മന്ത്രി എ.പി. അനിൽകുമാർ താഴേയ്ക്കിറങ്ങി വന്ന് പട്ടയം കൈമാറിയപ്പോൾ ആ അമ്മയുടെ കണ്ണുനിറഞ്ഞു. മന്ത്രിക്കും സർക്കാരിനും കൈകൂപ്പി നന്ദി പറഞ്ഞ സരോജനിയുടെ ഉള്ളിൽ വീട് വെച്ചു താമസിച്ചിരുന്ന സ്ഥലം സ്വന്തമായതിന്റെ സന്തോഷം നിറഞ്ഞു. പട്ടയം ഏറ്റുവാങ്ങി അടുത്തുവന്നിരുന്ന സമപ്രായക്കാരിയായ ഉളുപ്പൂണി കോട്ടമല വടക്കേമുറിയിൽ ഭവാനി ശ്രീധരനുമായി ഏറെനേരം വിശേഷങ്ങൾ പങ്കുവച്ചു. വാളറ തുമ്പിപ്പാറക്കുടിയിലെ മന്നാംകണ്ടം ചെല്ലമ്മയ്ക്കാണ് മന്ത്രി ആദ്യം പട്ടയം കൈമാറിയത്. ഹൃദ്രോഗിയായ ചെല്ലമ്മ 15 വർഷമായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ ചികിത്സയുൾപ്പെടെ ഭാരിച്ച ചെലവുകളുണ്ടായിട്ടും വസ്തു ഈടുവച്ച് ചെറിയ വായ്പ പോലുമെടുക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവർ. തൊഴിലുറപ്പ് പണിക്ക് പോകുന്ന ഭർത്താവിന്റെ വരുമാനത്തിലാണിവർ കഴിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL