SignIn
Kerala Kaumudi Online
Saturday, 27 June 2026 5.49 AM IST

ഗുരുദേവ ദർശനം കൂടുതൽ വ്യാപിപ്പിക്കാൻ സച്ചിദാനന്ദ സ്വാമിക്ക് കഴിയുമെന്ന് മന്ത്രി പി. പ്രസാദ്‌

prasad

ചാലക്കുടി: കർഷകരെ ദൈവതുല്യരായി കണ്ട ശ്രീനാരായണ ഗുരുദേവന്റെ ഏകലോക സിദ്ധാന്തത്തെ കൂടുതൽ ജന ഹൃദയങ്ങളിലെത്തിക്കാൻ സ്വാമി സച്ചിദാനന്ദയ്ക്ക് സാധിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ശിവഗിരി മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്ക് ചാലക്കുടി നഗരസഭ ഒരുക്കിയ പൗര സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ മുന്നോട്ടു വച്ച ആശയങ്ങൾക്ക് ആധുനിക ലോകത്ത് പ്രസക്തി വർദ്ധിക്കുകയാണ്. അവയെല്ലാം ഊതിക്കാച്ചിയ പൊന്നാക്കി ലോകത്തിന്റെ മുന്നിലെത്തിക്കലായിരിക്കണം സച്ചിദാനന്ദ സ്വാമികളുടെ ദൗത്യം. ദൈവദശകം പോലൊരു പ്രാർത്ഥനാ ഗീതം ലോകത്ത് മറ്റൊന്നുണ്ടായിട്ടില്ല. ഒരു ദൈവത്തേയും മതത്തേയും പരാമർശിക്കാതെ മനുഷ്യന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ദൈവ ദശകത്തിലൂടെ ഗുരുദേവൻ കാട്ടിക്കൊടുത്തു.

എല്ലാവർക്കും വിദ്യാഭ്യാസമെന്ന സങ്കൽപ്പമായിരുന്നു ശാരദാ ദേവിയുടെ പ്രതിഷ്ഠയിലൂടെ ലോകം ദർശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സച്ചിദാനന്ദ സ്വാമികൾക്കുള്ള ഉപഹാര മംഗളപത്ര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ബെന്നി ബെഹനാൻ എം.പി അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ചാലക്കുടി ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, മുൻ ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ഹാജി ഹുസൈൻ ബാഖവി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ വി.ജെ ജോജി, സംഘാടക സമിതി ഭാരവാഹികളായ ചന്ദ്രൻ കൊളത്താപ്പിള്ളി, ഷിബു വാലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


സ്വീകരണം, ശിവഗിരി സന്ദേശത്തിന് അനുയോജ്യമെന്ന് സച്ചിദാനന്ദ സ്വാമി

ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടില്ലാത്ത ശിവഗിരിയുടെ സന്ദേശങ്ങൾക്ക് അനുയോജ്യമായതാണ് ചാലക്കുടി പൗരാവലി ഒരുക്കിയ സ്വീകരണ ചടങ്ങെന്ന് സ്വാമി സച്ചിദാനന്ദ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. പ്രൗഢ ഗംഭീരമായ സമ്മേളനത്തിലൂടെ തന്നെയല്ല, സാക്ഷാൽ ഗുരുദേവനെയാണ് പൗരാവലി ആദരിച്ചത്. മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമാണ് ചാലക്കുടി നഗരം. എക്കാലത്തും ഇവിടെ യഥാർത്ഥമായ മത സൗഹാർദ്ദ ചടങ്ങുകൾ നടക്കുന്നു. ഗുരുകൃപയാൽ തനിക്കും ഇതിൽ പങ്കാളികളാകാനായി. ചെയർമാൻ വി.ഒ. പൈലപ്പനും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനും നേതൃത്വം നൽകിയ ചടങ്ങിന്റെ സംഘാടനം ശിവഗിരിയോടുള്ള നാടിന്റെ ആദരമായി. ശിവഗിരിയുടെ കീഴിൽ ചാലക്കുടിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന നഗരസഭ ചെയർമാന്റെ ആവശ്യം ന്യായമാണ്. സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായാൽ ആഗ്രഹം സഫലമാകുമെന്നും സ്വാമി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PRASAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL