SignIn
Kerala Kaumudi Online
Saturday, 19 September 2026 4.22 AM IST

ഗോവ ഇഫിയിൽ മുടങ്ങാതെ തിരുവനന്തപുരം ഗാംഗ്

trivandrum

പനാജി. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ( ഇഫി ) അമ്പത്തിരണ്ട് വയസായെങ്കിൽ ഇഫിയിൽ മുടങ്ങാതെ എത്തുന്ന തിരുവനന്തപുരം സംഘത്തിന് അതിൽ പകുതിയിലേറെ വർഷം പങ്കെടുത്ത ചരിത്രമാണ് പറയാനുള്ളത്. തിരുവനന്തപുരത്തെ ചലച്ചിത്രാസ്വാദകരുടെ ഈ സംഘത്തിൽ എൺപത് കഴിഞ്ഞവരുമുണ്ട്. സംഘം പതിവുപോലെ ഗോവയിലെത്തി.സമാപന ദിനമായ ഇന്ന് നാട്ടിലേക്ക് തിരിക്കും.

തിരുവനന്തപുരത്ത് ഒരുകാലത്ത് ചലച്ചിത്ര പ്രവർത്തകരെയടക്കം വാർത്തെടുത്ത ചലച്ചിത്ര ഫിലിം സൊസൈറ്റിയിൽ അംഗമായിരുന്നു ഇവരിൽ പലരും. ചലച്ചിത്രയുടെ ചലച്ചിത്രോത്സവത്തിന് ചുക്കാൻ പിടിച്ചിരുന്ന ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് മാത്യുവാണ് ഗാംഗിന്റെ നായകൻ. ഗോവ സ്ഥിരം വേദിയാകുന്നതിനുമുമ്പ് തന്നെ ഇഫി ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും നടത്തിയിരുന്ന നാൾ മുതൽ തുടങ്ങിയതാണ് തീർത്ഥാടനം പോലുള്ള ഇവരുടെ യാത്ര. സംഘത്തിൽ ചലച്ചിത്ര നിർമ്മാതാവായ എം.ഡി.മോഹൻദാസ് , ചലച്ചിത്ര ഫെഡറേഷന്റെ സാരഥികളിലൊരാളായിരുന്ന രാജശേഖരൻപിള്ള , പദ്മശ്രീ ആർക്കിടെക്റ്റ് ജി.ശങ്കർ, സണ്ണി, നാരായണൻ, ഡാർവിൻ ആകാശവാണിയിൽ നിന്നും വിരമിച്ച റാണാ പ്രതാപൻ, എന്നിവരും ഉൾപ്പെടുന്നു. എല്ലാവർക്കും അവരവരുടേതായ ബയോ ഡേറ്റ ഉണ്ടെങ്കിലും ചലച്ചിത്രാസ്വാദകർ എന്ന ഒറ്റ മേൽവിലാസം മതിയെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും.

ഗോവയാത്ര സിനിമ കാണാൻ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പതിവായി മേളയിൽ പങ്കെടുക്കാനെത്തുന്ന പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം കൂടിയാണെന്ന് മോഹൻദാസ് പറയുന്നു.ഗോവയിലെ ആംബിയൻസാണ് മലയാളി പ്രേക്ഷകരെ പൊതുവെ ഇങ്ങോട്ടാകർഷിക്കുന്ന ഘടകം. ചെലവുകുറഞ്ഞ താമസസൗകര്യങ്ങളും ഭക്ഷണവും മദ്യവും ലഭിക്കുമെന്ന പ്രത്യേകതയും ഗോവയ്ക്കുണ്ട്.

പനാജിയിൽ മലയാളി ചലച്ചിത്ര പ്രേക്ഷകർ പതിവായി താമസിച്ചുവന്ന കാരിത്താസ് ക്രിസ്റ്റ്യൻ ഹോളിഡേ ഹോം അറ്റകുറ്റപ്പണിക്കായി അടച്ചത് പലരേയും നിരാശരാക്കിയിരുന്നു.തിരുവനന്തപുരം ഗാംഗിന് പതിവ് മുറികൾ തന്നെ നൽകാൻ കാരിത്താസിലെ മാനേജർ ആയിരുന്ന ഗോവൻ സ്വദേശി വില്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.കാരിത്താസ് വാതിലടച്ചതിനാൽ തിരുവനന്തപുരം ഗാംഗ് താമസിക്കാൻ മറ്റൊരു ഇടം കണ്ടെത്തുകയായിരുന്നു.

കേരള ഫെസ്റ്റിവൽ വരുമ്പോൾ ഈ സംഘം കൈരളി തിയറ്ററിനടുത്ത് ഓം ടൂറിസ്റ്റ് ഹോമിൽ റൂം വാടകയ്ക്കെടുക്കും. കേരളത്തിന്റെ വടക്കുനിന്നടക്കം വരുന്ന സുഹൃത്തുക്കൾക്ക് ആ മുറിയിൽ എപ്പോഴും പ്രവേശനം ഉണ്ടായിരിക്കും.മാസത്തിൽ ഒരിക്കൽ പരസ്പരം സ്പോൺസർ ചെയ്ത് ഒത്തുചേരുന്ന പതിവും ഈ സംഘത്തിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFFI GOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY