SignIn
Kerala Kaumudi Online
Sunday, 20 September 2026 1.05 PM IST

മുല്ലപ്പെരിയാർ:സുപീംകോടതി നിർദ്ദേശം നടപ്പാക്കാൻ മേൽനോട്ട സമിതി യോഗം

p

ന്യൂഡൽഹി:മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗം ചേർന്ന് സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ നടപടികൾ തുടങ്ങി. ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ ചീഫ് എഞ്ചനീയറും മേൽനോട്ട സമിതി തലവനുമായ ഗുൽഷൻ രാജിന്റെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗം ഏപ്രിൽ 8ലെ കോടതി ഉത്തരവ് ചർച്ച ചെയ്‌തു. അണക്കെട്ട് സംബന്ധിച്ച തർക്കങ്ങൾ കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാർ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മിക്കാനും അണക്കെട്ടിന്റെ അറ്റകുറ്റ പണികൾക്കും കേരളം സഹകരിക്കണമെന്ന് തമിഴ്‌നാട് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന് വനം വകുപ്പിന്റെ അനുമതി വേണമെന്ന് കേരള പ്രതിനിധികൾ പറഞ്ഞു. അണക്കെട്ടിലെ ചോർച്ച പരിശോധിക്കാനുള്ള ഇൻസ്ട്രുമെന്റേഷൻ ഉടൻ നടപ്പാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സുരക്ഷാ പരിശോധനയ്ക്കുള്ള പരിഗണനാ വിഷയങ്ങൾ തയ്യാറാക്കാനും മേൽനോട്ട സമിതിയെയാണ് കോടതി ചുമതലപ്പെടുത്തിയത്. ഇതും യോഗം ചർച്ച ചെയ്തു. കാലവർഷം അടുത്തതോടെ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങൾ വിലയിരുത്താൻ മുല്ലപ്പെരിയാറിൻ സ്ഥിരം ഓഫീസ് അനുവദിക്കണമെന്ന് സുപ്രീം കോടതിയിലെ ഹർജിക്കാരനായ ഡോ. ജോ ജോസഫ് നൽകിയ കത്തും യോഗം പരിഗണിച്ചു.

അണക്കെട്ടിന്റെ സുരക്ഷയ്‌ക്ക് സമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 2021 ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എഞ്ചിനീയർ അലക്സ് വർഗീസ് എന്നിവരാണ് കേരള പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തത്. തമിഴ്നാട് പ്രതിനിധികളായി അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യൻ എന്നിവരും കേന്ദ്ര ജല കമ്മിഷൻ പ്രതിനിധികളായി എസ്.എസ് ബക്ഷി, എസ്.കെ ശുക്ല എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ മാസം 9 ന് മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ചിരുന്നു. അണക്കെട്ടിന്റെ മുകളിലും ഗാലറികളിലും സ്ഥാപിച്ച യന്ത്രങ്ങളും സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തിയും പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA