SignIn
Kerala Kaumudi Online
Saturday, 26 September 2026 7.42 AM IST

ഇടുക്കി ഡാം തുറന്നു; ജാഗ്രതാ നിർദേശം, ആരും  ഒഴിഞ്ഞുപോകേണ്ട  സാഹചര്യമില്ലെന്ന്  മന്ത്രി

idukki-dam

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയതിന് ശേഷം രാവിലെ പത്ത് മണിയോടെയാണ് ഡാം തുറന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിട്ടു. 2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്.

ഡാം തുറക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി. ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനായി 23 സ്ഥലങ്ങളും കണ്ടെത്തി. ചില വില്ലേജുകളിൽ അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു. വളരെ കുറഞ്ഞ അളവിലാണ് ജലം ഒഴുക്കിവിടുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് പരിഗണിച്ച് ആവശ്യമെങ്കിൽ മാത്രം കൂടുതൽ വെള്ളം തുറന്നുവിടും. എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇടമലയാർ ഡാം ഉടൻ തുറക്കില്ല. ഇവിടെ നിന്നും കൂടുതൽ ജലം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ നീരൊഴുക്ക് കൂടിയെങ്കിലും വാണിംഗ് ലെവലിന് താഴെയാണ് നിലവിൽ നീരൊഴുക്ക്. അതിനാൽ ഡാം തുറന്നാലും അപകട സാദ്ധ്യതയില്ല. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. നിലവിൽ ആരും ഒഴിഞ്ഞുപോകേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, CHERUTHONI, DAM, SHUTTER, OPENED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA