SignIn
Kerala Kaumudi Online
Thursday, 23 July 2026 3.02 PM IST

'രാജ്യത്ത് ഫെഡറൽ തത്ത്വങ്ങൾ പുലരണം, വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് ഇന്ത്യൻ ദേശീയതയുടെ സവിശേഷത; സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: രാജ്യത്ത് ഫെഡറൽ തത്ത്വങ്ങൾ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടകം കൂടിയാണ് ഫെഡറലിസം എന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശമായി പറഞ്ഞു.

'നിരാഹാര സമരങ്ങൾ തൊട്ട് സാമ്രാജ്യത്വ ആധിപത്യത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടങ്ങളുടെ കൂടി ചരിത്രം സ്വാതന്ത്ര്യ സമരത്തിന് അവകാശപ്പെടാനുണ്ട്. ഇത് ഉൾക്കൊണ്ട് മുന്നോട്ട് പോകുമ്പോഴേ യഥാർത്ഥ സ്വാതന്ത്ര്യ സമര ചരിത്രം രചിക്കാനാവൂ. ഈ വൈവിധ്യങ്ങളെ ആകെ ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾ, സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങൾ കൂടിയാണെന്നും നാം തിരിച്ചറിയണം. വർഗീയ സംഘർഷങ്ങളുടെയും ദ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നമുക്ക് നൽകിയ ഈ കാഴ്ചപ്പാടിന്റെ കൂടി അനന്തര ഫലമാണ്. ഇന്ത്യൻ ദേശീയതയുടെ ഏറ്റവും പ്രധാന സവിശേഷത വിവിധങ്ങളായ ഭാഷയെയും സംസ്കാരത്തെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്നു എന്നതാണ്. വൈവിധ്യങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ഈ രീതിയാണ് ബഹുസ്വരതയുടെ സംസ്കാരത്തിന്റെ അടിത്തറയായി തീരുന്നത്. ഈ ഒരു ജീവിതശൈലിയെ നമുക്ക് കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു.

'വ്യത്യസ്തമായ ജീവിതവും സംസ്കാരവും നിലനിൽക്കുന്ന ഈ രാജ്യത്ത് അതിന്റെ അടിസ്ഥാനമായി ഫെഡറൽ തത്ത്വങ്ങൾ പുലരേണ്ടതുണ്ട്. അവ നിലനിർത്തിക്കൊണ്ട് മാത്രമേ രാജ്യത്തിന്റെ ഈ വൈവിധ്യങ്ങളെ ആകെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയൂ. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ കൂടി അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ അത്തരമൊരു നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുക എന്നത് പ്രധാനമാണെന്ന് തിരിച്ചറിയണം. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളും അല്ലാത്തവരും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്യുന്നത്. ഈ യാഥാർത്ഥ്യത്തെ മറന്നുകൊണ്ട് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് ഓർക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പത്ത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നോട്ടുവച്ചുകൊണ്ടാണ് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഉയർന്നുവന്നത്.'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF MINISTER, KERALA, INDEPENDENCE DAY, 75TH INDEPENDANCE DAY, INDIAN INDEPENDANCE DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA