SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

ഇടിവ്  തട്ടാത്ത മോദി പ്രഭാവത്തിനൊപ്പം ഇനി വരാനിരിക്കുന്ന രണ്ട് കാര്യങ്ങൾ കൂടി ചേരുമ്പോൾ 2024ൽ ബി ജെ പിക്ക്  ആത്മവിശ്വാസം ഇരട്ടിയാവും 

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: ഹിമാചൽ കൈവിട്ട ക്ഷീണത്തിലും, 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ഊർജ്ജമാണ് ഗുജറാത്തിലെ ഉജ്ജ്വല വിജയം ബി.ജെ.പിക്ക് നൽകുന്നത്. നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഒരു ഇടിവും തട്ടിയിട്ടില്ലെന്നും ഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള ടെസ്റ്റിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും അത് എത്രത്തോളം വർണാഭമാകുമെന്ന ആശങ്ക പാർട്ടിക്കുണ്ടായിരുന്നു. 156 സീറ്റോടെ ചരിത്ര മുന്നേറ്റം നടത്തിയ പാർട്ടിക്ക് ഇനി വർദ്ധിത വീര്യത്തോടെ മുന്നോട്ടു പോകാം.

ആറ് തവണ തുടർച്ചയായി ബി.ജെ.പി ഭരിച്ച ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകുമോയെന്നും ഇത്തവണ ബി.ജെ.പി നേതൃത്വം സംശയിച്ചു. എന്നാൽ മുസ്ളിം, പട്ടികജാതി ബൽറ്റിലുൾപ്പെടെ പാർട്ടിയുടെ കണക്കുകൂട്ടലിനും മേലേ സീറ്റുകൾ തൂത്തുവാരി.

ദേശീയ തലത്തിൽ ബി.ജെ.പിക്ക് പുതിയ വെല്ലുവിളിയായി മാറുന്ന ആം ആദ്മി പാർട്ടി അഞ്ച് സീറ്റോടെ അക്കൗണ്ട് തുറന്നെങ്കിലും വോട്ട് ചോർന്നത് കോൺഗ്രസിനാണെന്നതും പാർട്ടിക്ക് ആശ്വസിക്കാൻ വകയായി. മാത്രമല്ല ബി.ജെ.പി വോട്ട് വർദ്ധിക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സംസ്ഥാനങ്ങളിൽ 2024 ൽ കരുത്തോടെ മുന്നോട്ടു പോകാനാകുമെന്നതാണ് ഗുജറാത്തിലെ വിജയം പാർട്ടിക്ക് നൽകുന്ന പ്രചോദനം.

ഉപതിരഞ്ഞെടുപ്പുകളിൽ യു.പിയിലെ രാംപൂർ, ബീഹാറിലെ കുർഹാനി മണ്ഡലങ്ങളിലെ വിജയവും ബി.ജെ.പിക്ക് ബലം പകരുകയാണ്. നിതീഷും തേജസ്വി പ്രസാദ് യാദവും ഒന്നിച്ച് പൊതു സ്ഥാനാർത്ഥിയെ നിറുത്തിയിട്ടും ബി.ജെ.പിക്ക് കുർഹനി മണ്ഡലത്തിൽ വിജയിക്കാനായി. യു പിയിൽ 1980കൾക്ക് ശേഷം എസ്. പി നേതാവ് അസം ഖാനോ അദ്ദേഹത്തിന്റെ ബന്ധുക്കളോ മാത്രം ജയിച്ചിരുന്ന രാംപൂർ സീറ്റും പിടിച്ചെടുത്തു.

രാംപൂർ വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഉന്നത നേതൃത്വത്തിനു പോലും ഇടപെടാൻ പരിമിതികളുണ്ടായിരുന്ന ഗ്രൂപ്പുപോര് ശമിപ്പിക്കാൻ കഴിയാത്തതാണ് ഹിമാചലിൽ തിരിച്ചടിച്ചതെന്ന് ബി.ജെ.പി സമ്മതിക്കുന്നു. അടുത്ത വർഷം അയോദ്ധ്യ ക്ഷേത്രം തുറന്നു കൊടുക്കുകയും ഏക സിവിൽ കോഡ് പോലുള്ള നയപരിപാടികൾക്ക് രൂപം നൽകുകയും ചെയ്ത ശേഷമാവും പാർട്ടി പൊതുതിരഞ്ഞെടുപ്പിനെ നേരിടുക. ഇതും മോദി പ്രഭാവവും ചേരുമ്പോൾ ഉജ്ജ്വല മുന്നേറ്റം ആവർത്തിക്കപ്പെടുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, ELECTION RESULTS, MODI MAGIC, MODI, NARENDRA MODI, MODI FACTOR, GUJARATH ELECTION, GUJARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY